ഒറ്റപ്പാലം: കൊവിഡ് വ്യാപന ഭീതി നിലനിൽക്കുമ്പോഴും അമ്പലപ്പാറയിൽ സുരക്ഷാ മുൻകരുതലില്ലാതെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ചെയ്യുന്നത് വ്യാപകം.
റോഡരികിലെ അഴുക്ക് ചാലുകളിലെ മാലിന്യം നീക്കാൻ കൈയുറകൾ, ഷൂ എന്നിവയൊന്നും ധരിക്കാതെ യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്.
പല സ്ഥലങ്ങളിലെയും ചെളിയും മണ്ണും നീക്കം ചെയ്യേണ്ടതിന് പുറമെ പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ, കോഴി വേസ്റ്റ് തുടങ്ങിയവ നീക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് സുരക്ഷാ സംവിധാനമില്ലാത്തത് ഏറെ ദുരിതത്തിലാക്കുന്നു.
മാലിന്യം തള്ളുന്ന നിരവധി സ്ഥലങ്ങളും ഇവർക്ക് ശുചീകരിക്കേണ്ടി വരാറുണ്ട്. ഇത് പകർച്ചവ്യാധി പടരുന്നതിനും കാരണമാകുന്നു. സ്ഥിരമായി റോഡരിക് വൃത്തിയാക്കേണ്ടി വരുന്നതുകൊണ്ട് കുറച്ച് തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് കൈയുറ വാങ്ങി ധരിച്ച് പണിയെടുക്കുന്നത്. ഓരോ സംഘത്തിലും 15ലധികം പേരാണ് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്.
പഞ്ചായത്തിൽ 11 വാർഡുകളിലായി ഏകദേശം 300 തൊഴിലാളികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ജോലിയെടുക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേർക്കും സുരക്ഷയ്ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളുമില്ല. അമ്പലപ്പാറ, മുരുക്കുംപറ്റ, കടമ്പൂർ, വാണി വിലാസിനി, മേലൂർ ഭാഗങ്ങളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് റോഡരികിലെ അഴുക്കുചാലുകൾ വൃത്തിയാക്കുകയും, പുതിയവ നിർമ്മിക്കുകയും ചെയ്യുന്നത്.
നിർദേശം നൽകും
തൊഴിലുറപ്പുകാർ സുരക്ഷാ മുൻകരുതലുകളില്ലാതെ ജോലിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തൊഴിലാളികൾക്ക് വേണ്ട കൈയുറകൾ അടക്കമുള്ള സാധനങ്ങൾ നൽകാൻ നിർദ്ദേശം നൽകും.
-കെ.കെ.കുഞ്ഞൻ,
പഞ്ചായത്ത് പ്രസിഡന്റ്.