ജമ്മു: കുറച്ച് നാളുകളായി നീരജ് കുമാറിന് ഒരാഗ്രഹം, പൊലീസിൽ ചേരണം. ആഗ്രഹം കലശലായപ്പോൾ വേറെയൊന്നും നോക്കിയില്ല, പൊലീസ് യൂണിഫോമിട്ട് നഗരത്തിലൂടെ ബോളിവുഡ് സ്റ്റൈലിൽ അങ്ങ് കറങ്ങി. ഒടുവിൽ യഥാർത്ഥ പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. ജമ്മു കാശ്മീരിലെ ദോഡയിലാണ് സംഭവം നടന്നത്.
'ഇയാൾ നഗരത്തിലൂടെ യൂണിഫോമിട്ട് കറങ്ങി നടക്കുകയായിരുന്നു. യുവാവിന് പോലീസിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല." - ഡി.വൈ.എസ്.പി മനോജ് കുമാർ പറഞ്ഞു.
ഡിഫൻസ് ലേബർ പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്നുവെന്നു നീരജ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എസ്.ഐ ചമഞ്ഞ് ഗ്രാമപ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിലും മറ്റും യുവാവ് സന്ദർശനം നടത്തിയിരുന്നു.
സ്വന്തമായി യൂണിഫോം തയ്പ്പിച്ചെന്നും നെയിം പ്ലേറ്റ് അടക്കം സംഘടിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.എന്നാൽ ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യൂണിഫോമും നെയിം പ്ലേറ്റും എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന് പരിശോധിക്കുകയാണെന്നും യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.