കോട്ടയം: അരനൂറ്റാണ്ട് കാലം തുടർച്ചയായി ജയിച്ച റെക്കാഡുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് കോട്ടയത്ത് നടക്കും.
പുതുപ്പള്ളി പള്ളിയിലെ കുർബാന ജീവിതത്തിന്റെ ഭാഗമാക്കിയ ഉമ്മൻചാണ്ടി ഇന്ന് രാവിലെ ഏഴിന് കുടുംബാംഗങ്ങൾക്കൊപ്പം കുർബാനയിൽ പങ്കെടുക്കും. രാവിലെ മുതൽ തുറന്ന ജീപ്പിൽ തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞുമായി പുതുപ്പള്ളി മണ്ഡലം മുഴുവൻ നീളുന്ന സ്വീകരണപര്യടനം നാട്ടുകാർ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3ന് മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻചാണ്ടിയുടെ ജീവിതരേഖ വീഡിയോ പ്രദർശനത്തോടെ സമ്മേളനം തുടങ്ങും. 5ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ തുടക്കം സൂം ആപ്പിലൂടെ ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണത്താൽ വിവിധ മേഖലകളിലുള്ള 50 പ്രമുഖ വ്യക്തികളേ ചടങ്ങിൽ പങ്കെടുക്കൂ. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജുവാര്യർ തുടങ്ങിയവർ നേരിട്ടും ഓൺലൈനിലൂടെയും ആശംസകൾ നേരും. ഉമ്മൻചാണ്ടിയുടെ ഗുരുനാഥന്മാരും സഹപാഠികളും പങ്കെടുക്കും.
ലോകമെങ്ങുമുള്ള മലയാളികൾക്കു കാണാൻ കഴിയുംവിധം വെർച്വൽ പ്ളാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ് 20 ലക്ഷത്തിൽ പരം ആളുകൾക്ക് തത്സമയം വീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന വെർച്വൽ റാലിയായി ഉമ്മൻചാണ്ടി സുവർണജൂബിലി ആഘോഷ പരിപാടി മാറും. 7മുതൽ 8വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഉമ്മൻചാണ്ടിയുമായി ഓൺലൈനിൽ തത്സമയ അനുഭവങ്ങൾ പങ്കുവയ്ക്കാം. ചോദ്യങ്ങൾ ചോദിക്കാം. വാർഡ് തലം മുതൽ കോൺഗ്രസ് പ്രവർത്തകർക്ക് ബിഗ് സ്ക്രീനിൽ ചടങ്ങ് കാണാൻ 14 ജില്ലകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടയം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സമ്മേളന ഹാളിനു മുന്നിൽ 100 അടി നീളമുള്ള പ്രതലത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചു.
ഉമ്മൻചാണ്ടിക്ക് നിയമസഭയിൽ 50; ആഘോഷം നാളെ
തിരുവനന്തപുരം: നിയമസഭാ സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്
ആദരമർപ്പിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം നാളെ രാവിലെ 11ന് ഇന്ദിരാഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരും ദിവസങ്ങളിൽ കെ.പി.സി.സി സെക്രട്ടറിമാർ ഉൾപ്പെടെയുള്ള കൂടുതൽ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലകളിലും വിവിധ പരിപാടികൾ നടക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് 19ന് സംഘടിപ്പിക്കുന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.