പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക്
കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ച ആയുർവ്വേദ കൃഷിത്തോട്ടം കൂടുതൽ പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടുവർഷം മുൻപ് പയ്യാവൂരിലെ വാതിൽ മടയിൽ മൂന്ന് എക്കറിൽ ആരംഭിച്ച പദ്ധതി വൻ വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ പുതിയ മുന്നേറ്റം. ആറളം, ശ്രീകണ്ഠാപുരം, ആലക്കോട്, ഉദയഗിരി എന്നിവിടങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. മഞ്ഞുമലയിൽ നിലവിൽ കൃഷി ആരംഭിച്ചിട്ടുണ്ട്.
ഒൗഷധ സസ്യങ്ങളുടെ ആവശ്യകത ദിനംപ്രതി വൻതോതിൽ വർദ്ധിച്ചു വരുന്നതാണ് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കാരണമെന്ന് അധികൃതർ പറഞ്ഞു. മയ്യിൽ ഇടൂഴി ആയുർവ്വേദശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാർക്കറ്റ് വില പ്രകാരം ഇടൂഴി ഉത്പ്പന്നങ്ങൾ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആടലോടകം, കൊടുവേളി, ശതാവരി എന്നീ ഒൗഷധ സസ്യങ്ങളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. നടുവിൽ പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിൽപെട്ട അഞ്ച് പേരടങ്ങുന്ന രണ്ട് സംഘങ്ങളായാണ് പാലക്കയം തട്ടിന് മറുവശത്തെ മഞ്ഞുമലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചത്. ഇടൂഴി ആയുർവ്വേദ ഫൗണ്ടേഷന്റെയും കുടുംബശ്രീയുടെയും മാർഗ നിർദ്ദേശപ്രകാരമാണ് കൃഷി ചെയ്യുന്നത്. നിലം ഉറപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടുവിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. ബാക്കിയുള്ള നാലു പഞ്ചായത്തുകളിൽ അടുത്ത ദിവസങ്ങളിൽ പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
വന്യ മൃഗങ്ങൾ അടുക്കില്ല
മലയോര മേഖലയിൽ കൃഷി ചെയ്യുന്നവരുടെ പ്രധാന പ്രശ്നമാണ് വന്യമൃഗ ശല്യം. ഈ പ്രശ്നം ഒഴിവാക്കാൻ കൂടിയാണ് ഒൗഷധത്തോട്ട കൃഷി എന്ന ആശയം. മറ്റ് കൃഷികൾ നശിപ്പിക്കുന്നതു പോലെ ഒൗഷധ സസ്യങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം പയ്യാവൂരിൽ നടപ്പിലാക്കിയ പദ്ധതി വലിയവിജയം കണ്ടിരുന്നു. ഒൗഷധ സസ്യങ്ങളുടെ ആവശ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവയുടെ ക്ഷാമം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതി ആരംഭിച്ചത്.അതോടൊപ്പം കൃഷി ചെയ്യുന്നവർക്ക് നല്ലൊരു വരുമാനവും ഉറപ്പു വരുത്തുന്നു.
ജോബി രാഘവൻ, കുടുബശ്രീ ജില്ലാ ആനിമേറ്റർ കോർഡിനേറ്റർ
ലക്ഷ്യം 50 ഏക്കറിന് മുകളിൽ കൃഷി
പ്രാദേശികമായും ഇടൂഴി ആയൂർവേദ ശാല വഴിയും വിത്ത് ലഭ്യമാക്കും
കൃത്യമായ മാർക്കറ്റ് ഉറപ്പുവരുത്തിയാണ് കൃഷി