കൊച്ചി : കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രതിഷേധ സമരങ്ങൾ നടത്തുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ, ബി.ജെ.പി സമരം നടക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ സമരം നടത്തുന്നതിന് കോടതി വിലക്കുണ്ടായിട്ടും സംസ്ഥാനത്ത് സമരങ്ങൾ പെരുകുകയാണെന്നാരോപിച്ചുള്ള ഹർജികളിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
രാഷ്ട്രീയ പാർട്ടികൾക്ക് ഹൈക്കോടതിയുടെ ഉത്തരവ് കൈമാറിയിട്ടും ഇതുലംഘിച്ച് സമരങ്ങൾ തുടരുകയാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഹർജിയിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും യു.ഡി.എഫ് കൺവീനർക്കുവേണ്ടി മാത്രമാണ് അഭിഭാഷകൻ ഹാജരായത്. ഇതിൽ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.