തിരുവനന്തപുരം: മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുള്ളതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഏത് അന്വേഷണ ഏജൻസി ചോദിച്ചാലും ഇല്ലാത്തതൊന്ന് ഉണ്ടാവില്ല. സാക്ഷിയായി വിസ്തരിക്കാൻ എൻ.ഐ.എ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് 'നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ" എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. സധൈര്യം മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതിനാലാണ്. പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും ശമ്പളത്തിലെ ചെലവും കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും സമ്പാദ്യമായില്ല. എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷേ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല- ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.