പത്തനംതിട്ട ; കേരളാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം ഉടൻ പുറത്തിറങ്ങും. 'സല്യൂട്ട് ' എന്നുപേരിട്ട കഥാസമാഹാരത്തിൽ എ.ഡി.ജി.പി മുതൽ സി.പി.ഒ വരെയുള്ളവരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയാണ് എഡിറ്റർ. പ്രിന്റിംഗ് ജോലി പുരോഗമിക്കുന്ന പുസ്തകം അടുത്തമാസം ആദ്യം പുറത്തിറങ്ങും.
ആകർഷകമായി രൂപകല്പന ചെയ്ത പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി. കണ്ണൂർ ജി.വി ബുക്സ് ആണ് പ്രസാധകർ. കഴിഞ്ഞ വർഷം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുകയും 56 കഥകൾ ലഭിക്കുകയും ചെയ്തു. ഇവയിൽനിന്ന് 19 കഥകൾ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 20 കഥകളിൽ ആദ്യത്തേത് എ.ഡി.ജി.പി സന്ധ്യയുടേതാണ്. അവതാരികയും എഡിജിപിയുടേതാണ്. പോലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞു രൂപപ്പെട്ടവയാണ് കഥകളൊക്കെയും.
പത്തനംതിട്ട ജില്ലയിൽ നിന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ സൃഷ്ടികൾ 199 രൂപ വില നിശ്ചയിച്ച കഥാസമാഹാരത്തിൽ ഉൾപെടുന്നതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴ, അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവിൽദാർ മിഥുൻ എസ്. ശശി എന്നിവരുടെ രചനകളാണ് ഉൾപെട്ടിട്ടുള്ളത്.
ജേർണലിസത്തിൽ ഡിപ്ലോമയെടുത്ത് പത്രത്തിൽ പരിശീലനം നേടിയ സജീവിനെ, ജില്ലാ പൊലീസ് നടത്തിയ കലാമേളയിൽ സമ്മാനാർഹനാക്കിയ 'പെയ്തൊഴിയാത്ത കാലം' എന്ന കഥയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. സജീവ് ജില്ലാപൊലീസ് മീഡിയ സെല്ലിൽ പ്രവർത്തിച്ച് വരുന്നു. ഇന്ത്യൻ പൊലീസ് ജേർണലിന്റെ പുറത്തിറങ്ങാനുള്ള ലക്കത്തിൽ മനുഷ്യക്കടത്തിനെ പറ്റിയുള്ള ലേഖനം എഴുതിയിട്ടുണ്ട്. അടൂർ കെ.എ.പിയിലെ മിഥുൻ ഡെപ്യൂട്ടെഷനിൽ നിയമസഭയിലെ ഡ്യൂട്ടിയിലാണ്.
" 24 മണിക്കൂറും വിവിധ ജോലികളിൽ വ്യാപൃതരാകുന്ന പൊലീസ് ഉദ്യോഗസ്ഥർ സമ്മർദങ്ങളും മാനസിക സംഘർഷങ്ങളും അനുഭവിക്കുമ്പോഴും സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു തെളിവാണ് ഈ പുസ്തകം".
ബി.സന്ധ്യ,
എ.ഡി.ജി.പി