വൈപ്പിൻ : കുഴുപ്പിള്ളിയിൽ പിതാവിനെയും ഭിന്നശേഷിക്കാരനായ മകനേയും ലഹരി മാഫിയ സംഘം മർദിച്ചു. പള്ളത്താംകുളങ്ങര 11ാം വാർഡിലെ നികത്തുത്തറ സജീവിനും മകൻ വിശ്വത്തിനുമാണ്് മർദനമേറ്റത്. ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും പരാതിയുണ്ട്. കുഴുപ്പിള്ളി ഠാണാവ് തോടിന് സമീപമുള്ള ആളൊഴിഞ്ഞ വീടും പരിസരവും ലഹരി ഉപയോക്താക്കളുടെ കേന്ദ്രമാണ്. സജീവും വിശ്വവും വിറകെടുക്കാൻ ഇതുവഴി പോയപ്പോൾ മൂന്ന് യുവാക്കൾ ഇവിടെയിരിക്കുന്നത് കണ്ടു.
ഇക്കാര്യം സജീവ് മുനമ്പം പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും യുവാക്കൾ സ്ഥലം വിട്ടു.പൊലീസ് മടങ്ങിയതോടെ സ്ഥലത്ത് തിരിച്ചെത്തിയ ഇവർ സജീവിനെയും മകനേയും വിറക് ഉപയോഗിച്ച് മർദിച്ചു. മർദനമേറ്റ പിതാവും മകനും അയ്യമ്പിള്ളി സർക്കാർ ആശുപത്രിയിലും തുടർന്ന് പറവൂർ സർക്കാർ ആശുപത്രിയിലും ചികിത്സ തേടി. മുനമ്പം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.