മംഗളൂരു: നൃത്തസംവിധായകനും സുഹൃത്തും മയക്കുമരുന്നുമായി മംഗളൂരുവിൽ പിടിയിൽ.റിയാലിറ്റി ഷോ താരവും നൃത്ത സംവിധായകനുമായ കിഷോർ അമൻ ഷെട്ടി(30), സുഹൃത്ത് അഖീൽ നൗഷീൽ(28) എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ലഹരിമരുന്നിന് അടിമയായ പ്രതികൾ നഗരത്തിൽ അതിന്റെ വിൽപ്പനയും നടത്തിയിരുന്നു. മുംബയിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ വികാഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കിഷോർ മുംബയിൽ നിന്നും മംഗളൂരുവിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയതായി സി.സി.ബി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ് ആക്റ്റ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
നൃത്തിന് പ്രാധാന്യമുള്ള ബോളിവുഡ് ചിത്രമായ എ.ബി.സി.ഡിയിൽ കിഷോർ അഭിനയിക്കുകയും സിനിമകൾക്ക് നൃത്തസംവിധാനം ചെയ്യുകയും ചെയ്തിരുന്നു. 'ഡാൻസ് ഇന്ത്യ ഡാൻസ്' എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് കിഷോർ പ്രശസ്തി നേടിയത്.
ദുബായിൽ സെയിൽസ് ഓഫീസറായി ജോലിചെയ്തിരുന്ന അഖീൽ നൗഷീൽ ഒരു വർഷം മുമ്പാണ് തിരികെ എത്തിയത്. ഇരുവരും ചേർന്ന് ലഹരിമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ടെ മയക്കുമരുന്ന് കേസിൽ നടികളായ സഞജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ താര ദമ്പതികളായ ദിഗന്ത് മഞ്ചല, ഐന്ദ്രിത റായി, നടൻ അകുൽ ബാലാജി എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.