കോലഞ്ചേരി: കൊവിഡ് കല്ല്യാണത്തെ ചടങ്ങാക്കി ചുരുക്കി. ആഘോഷവും,ആഡംബരവുമായി നടന്ന കല്ല്യാണങ്ങളിപ്പോൾ രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ മാത്രമായി മാറി. നാഴിയുരിപ്പാലു കൊണ്ടുള്ള വിവാഹങ്ങളാണ് നാടാകെ. കല്യാണം നീട്ടിവെക്കുന്ന പ്രവണതയും കൂടി.എറണാകുളം ചമ്പക്കര സ്വദേശിനിയുടെ വിവാഹം തീരുമാനിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. കഴിഞ്ഞ മാർച്ച് 29 ന് നടക്കേണ്ടതാണ്. പ്രമുഖ ഹോട്ടലിൽ കല്ല്യാണ തലേന്ന് ഗംഭീര വിരുന്നും, താലികെട്ട് കടവന്ത്രയിലെ പ്രമുഖ മണ്ഡപത്തിലും നിശ്ചയിച്ചു.
എല്ലാം മാറി മറിഞ്ഞു. വരൻ അസർബെയ്ജാനിലും വധു അമേരിക്കയിലുമായിരുന്നു. വരന് ഇതുവരെ എത്താനായില്ല. ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരന് പരമാവധി ലഭിക്കുക ഒരു മാസത്തെ അവധി. അത് ലഭിച്ചാൽ തന്നെ ക്വാറന്റൈനും കഴിഞ്ഞ് വിവാഹം കഷ്ടപ്പാടാകും. ഒടുവിൽ വധുവിനെ തിരികെ അസർബൈജാനിലേക്ക് കയറ്റിവിടാനുള്ള നീക്കത്തിലാണ്. ഇനി കല്യാണം സൗകര്യം പോലെയാകട്ടെ എന്നാണ് തീരുമാനം.ആഘോഷം ചുരുങ്ങിയപ്പോൾ ചെലവും ചുരുങ്ങി. വസ്ത്രമെടുക്കാനും സ്വർണമെടുക്കാനും നാലാളു മതി. കതിർമണ്ഡപങ്ങളും സദ്യയും വേണ്ടതില്ല. വീട്ടിൽപോലും പന്തൽ വേണ്ട.
ബാക്കിവന്ന തുക കൂടി സ്വർണത്തിന് ചിലവഴിക്കുകയാണ് ഭൂരിപക്ഷം രക്ഷിതാക്കളും. കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചവരും കുറവല്ല. കല്യാണ സീസണായ മാർച്ച്,ഏപ്രിൽ, മേയ് മാസങ്ങൾ ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ രണ്ടു വീട്ടുകാർ മാത്രമുള്ള ലളിതമായ ചടങ്ങുകളിലായി വിവാഹങ്ങൾ. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിയെ കണ്ടെത്തിയവർ കല്യാണം നീട്ടിവെച്ചു.കല്യാണത്തിന് നാട്ടിൽ വന്ന് തിരിച്ച് ജോലിസ്ഥലത്തേക്ക് പോകാൻ പറ്റാത്തവരുമുണ്ട് കൂട്ടത്തിൽ. പുറത്ത് ഒരേ പ്രദേശത്ത് ജോലി ചെയ്ത ചുരുക്കം ചിലർ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി. രക്ഷിതാക്കളെയും ബന്ധുക്കളെയും ഓൺലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇത്തരം വിവാഹങ്ങൾ. വിവാഹം കഴിഞ്ഞ ഉടൻ ക്വാറന്റെനിലായവരും കുറച്ചൊന്നുമല്ല.