തിരുവനന്തപുരം: സൈബർ സുരക്ഷിതത്വത്തെ കുറിച്ച് ബോധവത്കരിക്കുന്ന ദക്ഷിണ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോൺഫറൻസ് ആയി കൊക്കൂൺ മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊക്കൂൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോൺഫറൻസിലൂടെ സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എല്ലാ ആശയങ്ങളും പങ്കുവയ്ക്കുന്ന ബിസിനസ് സമൂഹത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. ഇതിലൂടെ വ്യവസായ മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും സമൂഹത്തിന്റെ പുരോഗതിയിൽ ഒരു വലിയ പങ്കുവഹിക്കാനും ബിസിനസ് സമൂഹത്തിന് സാധിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വർഷങ്ങളായി കോൺഫറൻസിന് നേതൃത്വം നൽകുന്ന ഡി.ജി.പി ലോക്നാഥ് ബെഹ് റ യെയും എ.ഡി.ജി.പി മനോജ് എബ്രഹാമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അന്താഷ്ട്ര തലത്തിൽ തന്നെ സൈബർ സുരക്ഷയെ പറ്റി ഏറ്റവും വിജയകരമായ ഒരു കോൺഫറൻസായി കൊക്കൂണിനെ മാറ്റാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ പറഞ്ഞു.
ചർച്ചകളുടേയും വ്യത്യസ്ഥമായ ആശയങ്ങളുടെയും അടിസ്ഥാനത്തിൽ സൈബർ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാമെന്ന് മനസ്സിലായതായി എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.