കൊല്ലം: കൊട്ടാരക്കര തലച്ചിറയിൽ പെട്രോൾ നിറച്ച കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയും പൂനെയിലെ വ്യവസായിയുമായ തലച്ചിറ കൃപാലയത്തിൽ ജോസ് മാത്യു(രാജു) മുഖ്യമന്ത്രിയ്ക്കും റൂറൽ എസ്.പിയ്ക്കും പരാതി നൽകി. 13ന് രാത്രി പത്ത് മണിയോടെയായിരുന്നു ജോസ് മാത്യുവിന്റെ വീട് കത്തിയ്ക്കാൻ ശ്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്റ്റേറ്റിൽ ലൈജു മാത്യുവിനെ (41) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ലൈജു മാത്യു രണ്ടാം കക്ഷി മാത്രമാണെന്നും പൂനെയിൽ താമസക്കാരായ ചങ്ങനാശേരി സ്വദേശികളാണ് അക്രമത്തിന്റെ സൂത്രധാരൻമാരെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇവരുമായി 1995 മുതൽ ബന്ധം ഉണ്ടായിരുന്നതാണ്. പൂനെയിലും വിദേശത്തുമുള്ള ബിസിനസുകളിൽ ഇവരെ പങ്കാളികളുമാക്കിയിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ തെറ്റിയെന്നും തന്റെ ഉടമസ്ഥതയിലുള്ള പൂനെയിലെ സ്ഥലത്ത് നടത്തിയിരുന്ന ലെയ്ത്ത് കമ്പനി പൂനെ പൊലീസിനെ ഉപയോഗിച്ച് പൂട്ടിച്ചതിന്റെ വൈരാഗ്യത്തിലാണ് തലച്ചിറയിലെ വീട് കത്തിയ്ക്കാൻ ശ്രമമുണ്ടായതെന്നാണ് ജോസ് മാത്യു പരാതിയിൽ വ്യക്തമാക്കിയത്. തനിക്ക് വധഭീഷണി ഉള്ളതായും പരാതി നൽകിയിട്ടുണ്ട്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. എന്നാൽ കൃത്യം നടത്തിയ ഒരാളിലേക്ക് കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും പരാതി നൽകിയത്.