കോവളം: കോവളം മുതൽ അടിമലത്തുറ വരെയുള്ള തീരങ്ങളിൽ അപകടങ്ങൾ പതിവാകുമ്പോൾ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ അധികൃതരുടെ അലംഭാവം തുടരുന്നു. കഴിഞ്ഞ ദിവസം ആഴിമല ബീച്ചിൽ നാല് പേരുടെ ജീവനുകളാണ് കടലെടുത്തത്. കഴിഞ്ഞ മാർച്ചിൽ നാല് പെൺകുട്ടികളും കടലിൽ വീണ് മരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 പേരുടെ ജീവനുകളാണ് കോവളത്തിനും അടിമലത്തുറയ്ക്കുമിടയിൽ കടലിൽ പൊലിഞ്ഞത്. അപകടങ്ങൾ തടയാൻ നടപടികളെടുക്കുമെന്ന് പല തവണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അവ കടലാസിലൊതുങ്ങി.
ചൊവ്വരയിൽ സ്ഥിതി
പഴയപടി തന്നെ
സഞ്ചാരികൾ കൂടുതലായെത്തുന്ന ചൊവ്വര തീരപ്രദേശങ്ങളിലും സുരക്ഷ പേരിനു മാത്രം. കഴിഞ്ഞ ആഗസ്റ്റിൽ ആഴിമല ക്ഷേത്രത്തിനു സമീപം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ തിരയിൽപ്പെട്ട് മരിച്ചതിനെ തുടർന്ന് തീരത്ത് അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കാനും സുരക്ഷാവേലി കെട്ടാനുള്ള അനുമതി തേടാനും തീരുമാനിച്ചിരുന്നു. സ്ഥിരം ലൈഫ് ഗാർഡ് പൊലീസ് സംവിധാനങ്ങൾ ഒരുക്കുന്നതിനെപ്പറ്റിയും ആലോചന നടന്നു. എല്ലാം ആലോചനകളിൽ മാത്രം ഒതുങ്ങി. മുല്ലൂർ, കരിമ്പള്ളിക്കര, വലിയ കടപ്പുറം ഭാഗങ്ങളിൽ സുരക്ഷാനിർദ്ദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കണം.
കെണിയായി പാറക്കെട്ടുകളിലെ
' സെൽഫി '
കോവളം തീരം മുതൽ ചൊവ്വര വരെയുള്ള തീരപ്രദേശത്തിന് സമീപമുള്ള പാറക്കെട്ടുകൾ അറിയപ്പെടുന്നത് സെൽഫി പാറക്കെട്ടുകൾ എന്നാണ്. തിരകളുള്ള പാറക്കെട്ടുകളിൽ അടിച്ച് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. അതു തന്നെയാണ് സെൽഫി പ്രേമികളെ ആകർഷിക്കുന്നതും. പായലുകൾ കാരണം കാൽ വഴുതി കടലിലേക്ക് വീണാണ് അപകടങ്ങളിലേറെയുമുണ്ടായത്. ഇവിടെ ആവശ്യത്തിന് സുരക്ഷാസംവിധാനമോ ബോർഡുകളോ ഇല്ല. ലൈഫ് ഗാർഡുകളുടെ സേവനവും പരിമിതമാണ്.