SignIn
Kerala Kaumudi Online
Thursday, 13 May 2021 8.10 PM IST

സൺറൈസേഴ്സിന് രാജകീയ വെല്ലുവിളി, ഐ.പി.എല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം

ipl

അബുദാബി: ഇന്ത്യൻ പ്രിമിയർ ലീഗ് പതിമ്മൂന്നാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. അബുദാബിയിലെ ഷേക്ക് സയിദ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം 7.30 മുതലാണ് മത്സരം. ഐ.പി.എല്ലിലെ കിരീട ക്ഷാമത്തിന് അറുതിവരുത്തി മണലാരണ്യത്തിൽ കപ്പുയർത്തുകയെന്ന ലക്ഷ്യവുമായാണ് വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കളത്തിലിറങ്ങുന്നത്. മറുവശത്ത് രണ്ടാം കിരീടമാണ് ഡേവിഡ് വാർണർ നയിക്കുന്ന സൺ റൈസേഴ്സ് സ്വപ്‌നം കാണുന്നത്. സൂപ്പർ താരങ്ങൾ ഒരുപാടുണ്ടായിട്ടും കഴിഞ്ഞ തവണ അവസാന സ്ഥാനത്തായിരുന്നു ബാംഗ്ലൂർ. കഴിഞ്ഞ തവണ പ്ലേ ഓഫ് കളിച്ച റോയൽ ചലഞ്ചേഴ്സ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2016 ലെ ഫൈനലിൽ ബാംഗ്ലൂരിനെ തോൽപ്പിച്ചാണ് സൺറൈസേഴ്സ് കിരീടം നേടിയത്.

സൂര്യോദയത്തിന്

ബാൾ ചുരണ്ടൽ വിവാദത്തിലായിരുന്ന ഡേവിഡ് വാർണർക്ക് പകരം കേൻ വില്യംസണായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളിലും സൺറൈസേഴ്സ് ക്യാപ്ടൻ. ഇത്തവണ വാർണർക്ക് ക്യാപ്ടൻ സ്ഥാനം തിരിച്ചു നൽകിയിട്ടുണ്ട്.

ബാറ്റിംഗും ബൗളിംഗും കരുത്തുറ്റതാണ്. ലീഗിലെ തന്നെ ഏറ്റവും കരുത്തുറ്റ ഓപ്പണിംഗാണ് സൺറൈസേഴേസിന്റേത്. മൂന്ന് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുള്ള വാർണറും ഇംഗ്ലീഷ് വെടിക്കെട്ട് കീപ്പർ ജോണി ബെയർസ്റ്റോയുമാണ് അവരുടെ ഓപ്പണർമാർ.

മദ്ധ്യനിര അല്പം തലവേദനയാണ്. ടീം ബാലൻസിംഗ് പ്രശ്നമുള്ളതിനാൽ വില്യംസണ് എല്ലാ മത്സരങ്ങളിലും കളിക്കാൻ കഴിഞ്ഞേക്കില്ല. മനീഷ് പാണ്ഡേയാണ് മദ്ധ്യനിരയിലെ ശ്രദ്ധേയ സാന്നിധ്യം. പരിചയക്കുറവുണ്ടെങ്കിലും പ്രിയം ഗാർഗ്, കാശ്മീരി താരം അബ്ദുൾ സമദ് എന്നിവരൊക്കെ പ്രതീക്ഷയാണ്.

ഭുവനേശ്വറും റാഷിദ് ഖാനും നയിക്കുന്ന ബൗളിംഗ് ഡിപ്പാർട്ട്മെന്റും വിജയ് ശങ്കറും മുഹമ്മദ് നബിയും അടങ്ങുന്ന ആൾ റൗണ്ടർമാരും സൺറൈസേഴ്സിന്റെ കരുത്താണ്.

2016ൽ ചാമ്പ്യൻമാരായിരുന്ന സൺറൈസേഴ്സ് 2018ൽ റണ്ണേഴ്സ് അപ്പുമായി.

ഇത്തവണ കപ്പ് വേണം

കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടിലും ഏറ്റവും അവസാനം ഫിനിഷ് ചെയ്ത റോയൽ ചല‌ഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ കിരീടം നേടാനുറച്ച് തന്നെയാണ് എത്തിയിരിക്കുന്നത്.

വിരാട് കൊഹ്‌ലി, എ ബി ഡിവിലിയേഴ്സ് എന്നിവർ നയിക്കുന്ന ബാറ്റിംഗ് ഡിപ്പാർട്ട്മെന്റ് ലോകോത്തരമാണ്. വെടിക്കെട്ട് വീരൻ ആരോൺ ഫിഞ്ചിനൊപ്പം മലയാളി താരം ദേവ്ദത്ത് പടിക്കൽ ഓപ്പണറായേക്കും.

ശിവം ദുബെ, ക്രിസ് മോറിസ്, മോയിൻ അലി തുടങ്ങിയ വമ്പൻ ഓൾറൗണ്ടർമാർ ക്ലിക്കായാൽ ബാംഗ്ലൂരിന് കാര്യങ്ങൾ എളുപ്പമാകും. യൂസ്‌വേന്ദ്ര ചഹലും വാഷിംഗ്ടൺ സുന്ദറും ആദം സാംപയും അടങ്ങിയ സ്‌പിൻ ഡിപ്പാർട്ട്മെന്റും അപകടകരം.

ഡേൽ സ്റ്റെയിൻ നയിക്കുന്ന പേസ് ബൗളിംഗ് നിരയിൽ നവദീപ് സെയ്‌നിയും ഉമേഷ് യാദവുമുണ്ടെങ്കിലും മികച്ച ഇടംകൈയൻ പേസറുടെ അഭാവമുണ്ട്.

2009ലും 2016ലും റണ്ണേഴ്സ് അപ്പായതാണ് ബാംഗ്ലൂരിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.

ഇതുവരെ ഇരു ടീമും 15 മത്സരങ്ങളിൽ മുഖാമുഖം വന്നു.

8 എണ്ണത്തിൽ ഹൈദരാബാദും 6 എണ്ണത്തിൽ ബാംഗ്ലൂരും ജയിച്ചു. ഒരെണ്ണം ഫലമില്ലാതെ പോയി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.