കണ്ണൂർ: കനത്ത മഴയയെ തുടർന്ന് ജില്ലയിൽ 11 വീടുകൾ കൂടി ഭാഗികമായി തകർന്നു. ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിലാണ് മഴ നാശം വിതച്ചത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയിൽ 34 വീടുകൾ തകർന്നതായാണ് കണക്ക്. നിലവിൽ മൊത്തം 131 പേരെയാണ് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചത്. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 59 പേരാണ് കഴിയുന്നത്.
ശക്തമായ കാറ്റിലും മഴയിലും ഇരിട്ടി താലൂക്കിലെ പടിയൂർ വില്ലേജിലെ പെടയങ്ങോട്ട് മരങ്ങൾ കടപുഴുകി വീണ് അഞ്ച് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമായില്ല. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കല്ല്യാട് അരിങ്ങോട്ടിൽ ലക്ഷ്മിയുടെ വീടും മരം വീണ് തകർന്നു.
മാനന്തേരിയിൽ ഉരുൾപൊട്ടൽ ഭീഷണി
മൂന്നുകുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൂത്തുപറമ്പ്: മാനന്തേരി കരിയിൽപ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെങ്കൽ ക്വാറിയിൽ നിന്നുള്ള ഭൂഗർഭ ജലപ്രവാഹമാണ് അപകട ഭീഷണി ഉയർത്തിയിട്ടുള്ളത്. ഇന്നലെ പുലർച്ചയോടെയാണ് പ്രദേശത്തെ കുന്നിൽ നിന്നും വൻതോതിൽ വെള്ളം കുത്തിയൊലിക്കാൻ തുടങ്ങിയത്. കുന്നിൻ മുകളിലെ ഒഴിഞ്ഞ ചെങ്കൽ ക്വാറിയാണ് ജലപ്രവാഹത്തിന്റെ ഉറവിടം. എന്നാൽ അധികം വെള്ളം സംഭരിക്കാൻ ശേഷിയില്ലാത്ത ക്വാറിയിൽനിന്ന് ഇത്രയും ജലപ്രവാഹം എങ്ങനെ ഉണ്ടായി എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
സമീപത്തെ ആയിത്തറപ്പുഴയിൽ നിന്നുള്ള വെള്ളം ഭൂമിക്കടിയിലൂടെ പ്രവഹിക്കുന്നതാണെന്നാണ് നിഗമനം. സമീപത്തെ പനോളിദാസൻ, ദീപേഷ് കുന്നുമ്മൽ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. സമീപത്തെ ഏതാനും വീട്ടുകാരോട് ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ചെളിവെള്ളം ഒഴുകി എത്തിയതിനാൽ വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പല വീട്ടുകാരും.