അബുദാബി: പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അബുദാബി സർക്കാരിന്റെ അനുമതി.
യു.എ.ഇ ഭരണകൂടം അടിയന്തര ഘട്ടത്തിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ മുൻഗണനാ വിഭാഗത്തിലാണ് പൊതുവിദ്യാലയ ജീവനക്കാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവർക്കാണ് ഭരണകൂടം അനുമതി നൽകിയത്. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ, മറ്റു ജീവനക്കാർ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് വാക്സിൻ ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട സർക്കുലർ എല്ലാ സ്കൂൾ മേധാവികൾക്കും ഇതിനോടകം നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ താൽപ്പര്യമുള്ളവർ സ്വമേധയാ 24ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിനാണ് അടിയന്തര ഘട്ടത്തിൽ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം വാക്സിന്റെ ആദ്യ ഡോസ് യു.എ.ഇ ആരോഗ്യ മന്ത്രി അബ്ദുൽ റഹ്മാന് ബിൻ മുഹമ്മദ് അൽ ഉവൈസി സ്വീകരിച്ചിരുന്നു.