തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് ചരമഗീതം പാടിയ ബില്ലാണ് കേന്ദ്രസർക്കാർ പാസാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 26ന് പ്രതിഷേധ സമരം സംഘടിപ്പിക്കും.
നിയമം പ്രാബല്യത്തിലാകുന്നതോടെ ജനസംഖ്യയുടെ 70 ശതമാനം വരുന്ന കർഷകർ കോർപറേറ്റുകളുടെ അടിമകളാകും. കർഷകരെ പൂർണമായും അവഗണിച്ചുള്ള പുതിയ നിയമം അവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കർഷക ആത്മഹത്യ പതിന്മടങ്ങ് വർദ്ധിക്കുമെന്നതിൽ സംശയമില്ല. ബി.ജെ.പി സർക്കാർ ഏകപക്ഷീയമായാണ് ബില്ല് കൊണ്ടുവന്നത്. ജനാധിപത്യവിരുദ്ധവും ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റവുമാണിത്. പാർലമെന്റ് കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചാണ് ബില്ല് പാസാക്കിയത്. പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ് ചെയ്തത് പ്രതിഷേധാർഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.