SignIn
Kerala Kaumudi Online
Monday, 26 October 2020 10.10 PM IST

കൂടത്തിൽ കേസ്: കടക്കാൻ കടമ്പകൾ, മറികടക്കാൻ പൊലീസ്

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ

koodathil

ദുരൂഹ മരണങ്ങളും കോടികളുടെ സ്വത്ത് തട്ടിപ്പ് കേസും വഴിത്തിരിവിലെത്തി നിൽക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തിന് കടമ്പകൾ ഇനിയും പലത് കടക്കാനുണ്ട്. തറവാട്ട് വകയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കൾ പലരുടെയും കൈവശത്തിലായതിന് കാരണമായ രേഖകൾ വ്യാജമായി ചമച്ചതാണോയെന്ന് തെളിയിക്കുന്നതാണ് പ്രധാന വെല്ലുവിളി. കൂടത്തിൽ തറവാട്ടിലെ ദേവുവെന്ന ജയപ്രകാശ് 2012ൽ മരണപ്പെട്ട ശേഷം തയ്യാറാക്കിയ സ്വത്തുക്കൾ സംബന്ധിച്ച തീരുമാനം മുതൽ ഏറ്റവും അവസാനം കൈമാറ്റം ചെയ്യപ്പെട്ട വസ്തുവിന്റെ ആധാരം വരെയുള്ള ഓരോ രേഖകളും സൂക്ഷ്മമായി വിലയിരുത്തിയാലേ സ്വത്ത് തട്ടിപ്പിന്റെ ചുരുളഴിയൂ.

കൂടത്തിൽ തറവാട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻനായരാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ട്രസ്റ്റ് രൂപീകരിക്കാനും സ്വന്തമായി വസ്തുക്കൾ വീതിച്ചെടുത്ത് തട്ടിപ്പ് സാധൂകരിക്കാനും ഇയാൾ നടത്തിയ ശ്രമങ്ങളിലുമൊക്കെ ആസൂത്രിതമായ ഗൂഢാലോചനയും പരസ്പര സഹായവുമുണ്ടായിട്ടുണ്ടെന്നും
അന്വേഷണ സംഘം കരുതുന്നു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലൂടെ മാത്രമേ ആരൊക്കെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്താനാവൂ. തെളിവുകൾ ഒന്നൊന്നായി കൂട്ടിയിണക്കേണ്ടതുമുണ്ട്.

വിൽപത്രവും സംശയങ്ങളും

ജയമാധവൻ നായർ മരണപ്പെടുംമുമ്പ് കൂടത്തിൽ തറവാട്ടിൽ വച്ച് തയ്യാറാക്കിയ വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കുൾപ്പെടെ സ്വത്തുക്കൾ ലഭിച്ചതെന്നായിരുന്നു രവീന്ദ്രൻനായരുടെ മൊഴി. എന്നാൽ, വിൽപത്രത്തിലെ സാക്ഷികളിലൊരാളായ അനിൽ കുമാർ വിൽപത്രം രവീന്ദ്രൻ നായ‌ർ തന്റെ വീട്ടിൽ കൊണ്ടുവന്നശേഷം ബൈക്കിന് പുറത്ത് വച്ച് ഒപ്പിടീച്ചതാണെന്ന് വെളിപ്പെടുത്തിയതോടെ അത് വ്യാജമാണെന്ന് തെളിഞ്ഞു. വിൽപത്രം തയ്യാറാക്കിയ ആധാരമെഴുത്തുകാരൻ ഈ കേസിലെ നിർണായക സാക്ഷിയാണ്. എഴുത്തുകാരനെയും വിൽപത്രം തയ്യാറാക്കാനുപയോഗിച്ച കമ്പ്യൂട്ടറുൾപ്പെടെയുള്ള ഉപകരണങ്ങളും കസ്റ്റഡിയിലായാലേ കേസ് തെളിയിക്കാനാകൂ. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ സഹായം അന്വേഷണസംഘം മുൻകൂട്ടി ആവശ്യപ്പെടുന്നതും ഇത്തരം ദുർഘടങ്ങളെ മറികടക്കാനാണ്.

പതിനെട്ട് ഏക്കർ പലയിടത്തായി

കൂടത്തിൽ തറവാടിന് നഗരത്തിലും പുറത്തുമായി ഉണ്ടായിരുന്നത് 18 ഏക്കറോളം സ്ഥലമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നഗരത്തിന്റെ കണ്ണായ ഭാഗങ്ങളിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന വസ്തുവകകളിൽ പലതും ഇപ്പോൾ തറവാട് വകയായി ശേഷിച്ചിട്ടില്ല. മണക്കാട്, പാൽക്കുളങ്ങര വില്ലേജുകളിലെ വസ്തുവകകളുടെ അവകാശികളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും റവന്യു വിഭാഗത്തിൽ നിന്നും ലഭിച്ച തെളിവുകൾ വിലയിരുത്തി

വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത അന്വേഷണ സംഘം ഉറപ്പിക്കും.

2012ൽ കൂടത്തിൽ തറവാട്ടിലെ ജയപ്രകാശിന്റെ മരണശേഷമാണ് അനന്തരവകാശിയായ ജയമാധവൻ നായരുടെ സഹായത്തോടെ സ്വത്തുക്കൾ കാര്യസ്ഥന്റെ നേതൃത്വത്തിൽ പലർക്കായി ഭാഗിച്ചത്. കൂടത്തിൽ തറവാടുമായി ബന്ധമുള്ള എട്ടോളം പേർക്കും ജയമാധവനുമായിട്ടായിരുന്നു സ്വത്തുക്കൾ ഭാഗം ചെയ്തത്. സ്വത്ത് തട്ടിപ്പ് കേസിൽ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിനാണ് നിയമപരമായി സ്വത്തിന് അവകാശമുണ്ടായിരുന്നത്. എന്നാൽ, പ്രകാശ് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് കേസ് ഫയൽ ചെയ്ത രവീന്ദ്രൻനായരും കൂട്ടാളികളും പിന്നീട് കേസ് ഒത്തുതീർക്കുകയായിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രകാശിന് കൂടത്തിൽ തറവാടിനോട് ചേർന്നുള്ള 70 സെന്റോളം സ്ഥലവും നൽകി.

കൈവശം കിട്ടി, കൈമാറി

ജയമാധവൻ മരണപ്പെടുംമുമ്പ് തയാറാക്കിയതായി പറയപ്പെടുന്ന വിൽപത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ കൂടത്തിൽ തറവാട്ടിലെ സ്വത്തുക്കളുടെ കൈവശക്കാരനായത്. ഈ സ്വത്തുക്കൾ പലതും വൻതുകയ്ക്ക് രവീന്ദ്രൻനായർ വിറ്റുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വഞ്ചിയൂരിലെ ഒരു സഹകരണ സംഘത്തിൽ രവീന്ദ്രൻ നായർ അരക്കോടിയോളം രൂപ നിക്ഷേപിച്ചിരുന്നു. ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് കൂടത്തിലെ സ്വത്തുക്കൾ കൈയ്യേറിയതെന്ന ആക്ഷേപം ഉയർന്നതോടെ പ്രദേശവാസിയായ അനിലും പിന്നീട് പ്രസന്നകുമാരിയും നൽകിയ പരാതികളിൽ വിൽപ്പത്രം വ്യാജമായി ചമച്ചതാണെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടതോടെയാണ് കൂടുതൽ വിശദമായ അന്വേഷണം ആരംഭിച്ചത്. വിൽപ്പത്രമുൾപ്പെടെയുള്ള രേഖകൾ വ്യാജമായി ചമച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ പ്രത്യേക സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു. ജയമാധവൻ നായരുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രവീന്ദ്രൻനായരെയും സഹായികളെയും ഉടൻ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

കൂടത്തിൽ സ്വത്തുക്കൾ

(പൊലീസിന് ലഭിച്ച വിവരം)

 കാലടി കുളത്തറയിലെ കുടുംബവീടും അതിനോട് ചേർന്ന ഒരേക്കർ 90 സെന്റും.

 ചെറുപഴിഞ്ഞി ദേവീ ക്ഷേത്രത്തിന് സമീപത്തെ 1.5 ഏക്കർ തെങ്ങിൻ പുരയിടം

 കാലടി താമരത്ത് 2.5 ഏക്കർ പുരയിടം

 കാവാലി ജംഗ്ഷന് സമീപം 25 ഉം 75 ഉം സെന്റുകൾ

 കാലടി ഇളംതെങ്ങ് ജംഗ്ഷന് സമീപം 80 സെന്റ് പുരയിടം (ഇതിൽ കുറച്ചുഭാഗം ദാനം ചെയ്തിട്ടുള്ളതായി രേഖകൾ പറയുന്നു)

 കാലടി തൈവിള റോഡിൽ 6 ഏക്കർ നിലം

 കുളത്തറ പാലിയത്ത് 1.5 ഏക്കർ

 കാലടി ഹോമിയോ ആശുപത്രിക്ക് സമീപം18 സെന്റ്

 പാൽക്കുളങ്ങര ദേവീക്ഷേത്രത്തിന് സമീപം 30 സെന്റ്

 ചെങ്കൽചൂള ഗവ. പ്രസിന് സമീപം കോടികൾ വിലമതിക്കുന്ന 50 സെന്റും വീടും

 നേമം കാരയ്ക്കാമണ്ഡപത്തിന് സമീപം 2 ഏക്കർ തെങ്ങിൻ പുരയിടം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOODATHIL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.