ആലപ്പുഴ: തുടർച്ചയായ പ്രളയവും വെള്ളപ്പൊക്കവും മൂലം സ്വസ്ഥത നഷ്ടപ്പെട്ട കൈനകരി പഞ്ചായത്ത് നിവാസികൾ ജൻമനാടുപേക്ഷിച്ച് മറുകര തേടുന്നു. ഇരുപതോളം കുടുംബങ്ങൾ ഇതിനകം കരപ്രദേശങ്ങളിൽ വീടും സ്ഥലവും വാങ്ങി.
എം.എസ്.സ്വാമിനാഥൻ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാടശേഖരം പോലും ഇത്തവണത്തെ മടവീഴ്ച്ചയിൽ നശിച്ചു. ഇതോടെ കൈനകരിയിൽ തുടരുന്നത് ഭീഷണിയാണെന്ന ചിന്ത ഉയർന്നതിനാൽ കൂടുതൽ കുടുംബങ്ങൾ പ്രദേശം വിട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം കുട്ടനാട് പാക്കേജ് യാഥാർത്ഥ്യമായാൽത്തന്നെ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ മാർഗമുണ്ടാവില്ല. മുണ്ടയ്ക്കൽ പാലം നിലവിൽ വന്നിട്ടും കൈനകരിക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായിട്ടില്ല. അപ്രതീക്ഷിത പ്രളയം വന്നാൽ കരപറ്റാൻ വാഹനമാർഗമില്ലാത്തതാണ് മറ്റൊരു ഭീഷണി. പലതവണ വെള്ളം കയറിയിറങ്ങിയ കാലപ്പഴക്കമുള്ള വീടുകളുടെ നിലനിൽപ്പും തുലാസിലായി.
കൈനകരിയിലെ പുതുതലമുറക്കാരാണ് ചേർത്തല, മുഹമ്മ, ചങ്ങനാശേരി ഭാഗങ്ങളിൽ സ്ഥലം വാങ്ങി താമസം മാറുന്നത്. പഴയ തലമുറയിലുള്ളവർക്ക് ഇവിടെത്തന്നെ തുടരാനാണ് താത്പര്യം. പാടശേഖരങ്ങളുടെ പുറംബണ്ടിലെ ഭൂരിഭാഗം വീടുകൾക്കും 30 വർഷത്തിലധികം പഴക്കമുണ്ട്. പുതിയ വീടുകൾ പില്ലറുകളിലാണ് പണിയുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ ജീവനും ജീവനോപാധികളും ഒലിച്ചുപോകാതെ സൂക്ഷിക്കാമെന്നതാണ് ഗുണം. വെള്ളമില്ലാത്ത സമയത്ത് താഴത്തെ ഭാഗം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുമാകും.
പലായനം തടയാൻ പദ്ധതി
കൈനകരി ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീടുകളുടെ സംരക്ഷണത്തിനായി പുതിയ ആശയം കുട്ടനാട് സംരക്ഷണ ഏകോപന സമിതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കൈനകരി വാർഡ് മെമ്പർ ബി.കെ.വിനോദ് കുമാർ പറഞ്ഞു.
നിലവിലെ വീട് പൊളിക്കാതെ 468 ചതുരശ്ര അടിയിൽ താമസസ്ഥലമൊരുക്കാം. ഒരു വീടിന് പരമാവധി നാലരലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഓടോ, ഷീറ്റോ പൊളിച്ചുമാറ്റും. മുകളിലേക്ക് ജി.ഐ പൈപ്പും സിമന്റ് ബോർഡും ഉപയോഗിച്ച് മുറികൾ പണിയുന്നതാണ് പദ്ധതി. ടൈലിട്ട അറ്റാച്ച്ഡ് ബാത്ത്റൂം, അടിയിൽ സെപ്റ്റിക്ക് ടാങ്ക് എന്നിവയുണ്ടാവും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രളയത്തെ ചെറുക്കത്തക്ക വീട് പണിയുക വെല്ലുവിളിയാണ്. താമസിക്കുന്ന വീട് പൊളിക്കുന്നതിനു തന്നെ വലിയ തുക ചെലവാകും. ഈ സാഹചര്യത്തിലാണ് പഴയ വീട് നിലനിറുത്തിക്കൊണ്ട് മുകളിലേക്ക് കൂടുതൽ മുറികളെടുക്കാവുന്ന പദ്ധതി സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്.
ഒന്നിനു മീതേ ആറ്
കൈനകരിയുടെ ഭൂപ്രകൃതി പ്രകാരം ഒരു ചതുരശ്ര അടിയിൽ പരമാവധി താങ്ങാൻ കഴിയുന്നത് ഒരു ടൺ ഭാരമാണ്. എന്നാൽ നിലവിൽ പണിയുന്ന പുത്തൻ വീടുകൾ ആറ് ടണ്ണിന് മേൽ ഭാരം വരും. സിമന്റ് ബോർഡ് ഉപയോഗിച്ചുള്ള വീട് നിർമ്മാണം ഭൂമിക്ക് അധികം ഭാരമേൽപ്പിക്കില്ല എന്നതും ഗുണമാണ്.
മട വീഴ്ചയുണ്ടായാൽ അഞ്ചടി വെള്ളം വീടുകളിൽ കയറും. പാടശേഖരങ്ങളിൽ വെള്ളം കയറ്റുമ്പോഴും വീട്ടിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. നിലവിലെ വീട് പൊളിച്ചുമാറ്റാതെ തന്നെ സുരക്ഷിത കിടപ്പാടം ഒരുക്കുന്ന പ്രൊപ്പോസലാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ലൈഫ് പദ്ധിതിയിലുൾപ്പെടുത്തി പദ്ധതിക്ക് അനുമതി നൽകിയാൽ കൈനകരിയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പലായനം ചെയ്യേണ്ടിവരില്ല. നാശനഷ്ടങ്ങളുണ്ടായ ശേഷം കോടികൾ നഷ്ടപരിഹാരം നൽകുന്നതിലും എത്രയോ മെച്ചമാണ് മുപ്പത് വർഷത്തേക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്ന വി ബോർഡ് വീടുകൾക്ക് അനുമതി നൽകുന്നത്
ബി.കെ.വിനോദ്കുമാർ, വാർഡ് മെമ്പർ, കൈനകരി
പുതിയ വീട്
468 ചതുരശ്ര അടി വിസ്തീർണ്ണം
നിലവിലെ വീടിന്റെ മേൽക്കൂരയിൽ നിർമ്മാണം
ഉപയോഗിക്കുന്നത് ജി ഐ പൈപ്പും, വി ബോർഡും
30 വർഷത്തേക്ക് സുരക്ഷ വാഗ്ദാനം
ഭാരം കുറവായതിനാൽ ഭൂപ്രദേശത്തിന് ദോഷമില്ല
ചെലവ് നാലരലക്ഷം രൂപ