തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പിൽ ക്രമാതീതമായ വർദ്ധന. എട്ടടി കൂടി ഉയർന്നാൽ തുറക്കും. 2,386 അടിയാണ് നിലവിലെ ജലനിരപ്പ്. 2,394.40 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടികൾ ആരംഭിക്കും.ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കാൻ ഇനി ഒന്നരയടി കൂടി മതി. നിലവിൽ സംഭരണശേഷിയുടെ 85.74 ശതമാനം ജലമാണുള്ളത്. 2,403 അടിയാണ് പരമാവധി ശേഷി.
വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ വരെ 22.4 മില്ലിമീറ്റർ മഴ ലഭിച്ചു. മൂന്ന് ദിവസം കൊണ്ട് മാത്രം അഞ്ചടിയോളം ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 33.817 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമെത്തി. മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനം 3.5 ദശലക്ഷം യൂണിറ്റായിരുന്നത് വ്യാഴാഴ്ച മുതൽ 6.6 ദശലക്ഷം യൂണിറ്റായി ഉയർത്തി. ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണമാണ് പ്രവർത്തിപ്പിക്കുന്നത്. ആവശ്യമെങ്കിൽ രണ്ടെണ്ണം കൂടി പ്രവർത്തിപ്പിക്കും. ഒരെണ്ണം ജനുവരി മുതൽ തകരാറിലാണ്.
മുല്ലപ്പെരിയാറിലും ആശങ്ക
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിലും ആശങ്കയുണ്ട്. ഒറ്റ ദിവസം രണ്ടടി ഉയർന്ന് ഇന്നലെ 130.65 അടിയായി. 142 അടിയാണ് പരമാവധി സംഭരണശേഷി. 140 അടിയെത്തിയാൽ തുറന്നേക്കും. ആ ജലവും ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക.മഴ കനത്തതോടെ സെക്കൻഡിൽ 6231 ഘന അടി ജലമാണ് ഡാമിലേക്കെത്തുന്നത്. 1607 ഘന അടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
ഇടുക്കി ഡാം
നിലവിലെ ജലനിരപ്പ്- 2386 അടി
ബ്ലൂ അലർട്ട്- 2387.59
ഓറഞ്ച് അലർട്ട്- 2393.59
റെഡ് അലർട്ട്- 2394.59