സിയോൾ: സമുദ്രാതിർത്തി കടന്നതിന്റെ പേരിൽ തങ്ങളുടെ ഉദ്യോഗസ്ഥനെ ഉത്തര കൊറിയൻ സൈന്യം വെടിവച്ച് കൊന്ന് കത്തിച്ചതായി ദക്ഷിണ കൊറിയ. നിരീക്ഷണ ബോട്ടിൽ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ പിന്നീട് ഉത്തര കൊറിയൻ കടലിലാണ് കണ്ടതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. മണിക്കൂറുകളോളം കടലിൽ വച്ച് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ശേഷം വെടിവച്ച് കൊന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. പടിഞ്ഞാറൻ അതിർത്തി ദ്വീപായ യെൻപിയോങിന് സമീപം തിങ്കളാഴ്ച പട്രോളിംഗ് നടത്തിയിരുന്ന കപ്പലിൽ നിന്നാണ് ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ കാണാതായത്. 24 മണിക്കൂറിന് ശേഷം ഉത്തര കൊറിയൻ സൈന്യം ഉദ്യോഗസ്ഥനെ കടലിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആറുമണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. ഈ സമയം ഉത്തര കൊറിയൻ സൈനികർ ഗ്യാസ് മാസ്ക് ധരിച്ചിരുന്നതായും ദക്ഷിണ കൊറിയ ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തര കൊറിയ മൃതദേഹങ്ങൾ കത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറയുന്നു. തങ്ങളുടെ പൗരന് നേർക്കുണ്ടായ അതിക്രമത്തിന് ഉത്തര കൊറിയ വലിയ വില നൽകേണ്ടി വരുമെന്ന് ദക്ഷിണ കൊറിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതിക്രൂരമായ സംഭവത്തിൽ ഉത്തര കൊറിയ ഉത്തരവാദിത്വം ഏറ്റെടുത്ത് വിശദീകരണം നൽകണം.കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. - ദക്ഷിണ കൊറിയ
ജാഗ്രതാ നിർദ്ദേശം
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉത്തര കൊറിയ ഒരു ദക്ഷിണ കൊറിയൻ പൗരനെ കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ മേഖലയിൽ ഇരുരാജ്യങ്ങളും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അതിർത്തിയിൽ ഉത്തര കൊറിയ സൈനിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ വെടിവച്ചു കൊല്ലാനാണ് ഭരണാധികാരി കിം ജോംഗ് ഉൻ ഉത്തരവിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.