മലപ്പുറം: തുടർച്ചയായി രണ്ടാം ദിനവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. 784 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 21 രോഗികൾ കൂടുതൽ. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 703 പേർ രോഗബാധിതരായപ്പോൾ ഉറവിടമറിയാതെ 50 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പർക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 50 പേർക്ക് ഉറവിടമറിയാതെയാണ് കൊവിഡ് ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 16 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 588 പേരാണ് വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.
31,718 പേർ നിരീക്ഷണത്തിൽ
31,718 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,908 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.