കൊളംബോ: ശ്രീലങ്കയിൽ പുലിയെ കെണിവച്ച് പിടിച്ച് കൊലപ്പെടുത്തി മാംസവില്പന നടത്തിയ മൂന്നുപേർ അറസ്റ്റിൽ. പുലി മാംസം ആസ്ത്മ ഭേദമാക്കുമെന്ന് പറഞ്ഞായിരുന്നു വിറ്റഴിച്ചത്. രഹസ്യവിവരത്തെ തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുലിയെ പിടിക്കാൻ ഉപയോഗിച്ച കെണിയും മറ്റ് ഉപകരണങ്ങളും 17 കിലോ പുലിയിറച്ചിയും കണ്ടെടുത്തു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കെണിയിൽപ്പെടുത്തിയ പുലിയുടെ തലവെട്ടി കാട്ടിൽ ഉപേക്ഷിച്ചശേഷം തോൽ, മാംസം, നഖം തുടങ്ങിയവ വില്പനയ്ക്ക് വയ്ക്കുകയായിരുന്നു.കൊളംബോയിൽനിന്ന് 175 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നിരവധി മൃഗങ്ങളെ കൊലപ്പെടുത്തി, മാംസം കറിവച്ചു കഴിക്കുന്നതായി വിവരമുണ്ട്.1000താഴെ പുലികൾ മാത്രമാണ് ശ്രീലങ്കയിലുള്ളത്. ഇവിടെ പുലിയെ ഉപദ്രവിച്ചാൽ അഞ്ചുവർഷം കഠിനതടവാണ് ശിക്ഷ.