തൃശൂർ: അദ്ധ്യാപക നിയമനത്തിന് വാങ്ങിയ കോഴപ്പണം ഭണ്ഡാര വരുമാനമായി രേഖ ചമയ്ക്കുകയും ജോലി നിഷേധിക്കുകയും ചെയ്തതിന് കുന്നംകുളം ആസ്ഥാനമായ മലബാർ സ്വതന്ത്ര സുറിയാനി സഭയ്ക്കെതിരെ കേസ്. സഭയുടെ മിനിറ്റ്സ് ബുക്കും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സഭയുടെ അദ്ധ്യക്ഷനെ ഉൾപ്പെടെ പ്രതിചേർത്ത് കോടതിയിൽ കുറ്റപത്രം നൽകുമെന്ന് ഗുരുവായൂർ പൊലീസ് പറഞ്ഞു. അദ്ധ്യാപികയുടെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ പൊലീസിന് ലഭിച്ച പരാതിയിലെ അന്വേഷണത്തിലാണ് നടപടി.
പ്രതിവർഷം ശരാശരി പത്ത് ലക്ഷം വരുമാനമുണ്ടായിരുന്ന സഭയുടെ ഭണ്ഡാരത്തിൽ കോടികൾ പ്രത്യക്ഷപ്പെട്ടത് 2015 മുതൽ 2018 വരെയുള്ള കാലത്താണ്. ഈ കാലയളവിലായിരുന്നു നാല് സ്കൂളുകളിലെ അദ്ധ്യാപക ഒഴിവുമായി ബന്ധപ്പെട്ട ഇന്റർവ്യൂ നടന്നത്. നിയമനത്തിനായി പലരിൽ നിന്നും വാങ്ങിയ ലക്ഷങ്ങളാണ് കേവലം 35,000 അംഗം മാത്രമുള്ള സഭയുടെ ഭണ്ഡാരത്തിലെ വൻതുകയായി മാറിയതെന്ന് പൊലീസ് പറഞ്ഞു.
പണം നൽകിയിട്ടും
ജോലി പോയി
ഷൊർണൂർ കുളപ്പുള്ളി സ്വദേശിനിയായ ജിജി പി. ചേറപ്പനാണ് പരാതിക്കാരി. സഭയുടെ തൊഴിയൂരിലെ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥിര നിയമനം നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം കൈപ്പറ്റിയെന്ന് പരാതിയിൽ പറയുന്നു. കാൻസർ ബാധിതയായ അദ്ധ്യാപിക നൽകിയത് അകാലത്തിൽ മരിച്ച ഭർത്താവിന്റെ ഇൻഷ്വറൻസ് തുകയാണ്. നാല് വർഷം സ്കൂളിൽ ഗസ്റ്റ് ലക്ചററായി തുടർന്നു. 2019ൽ പോസ്റ്റിന് സർക്കാർ അനുമതിയായി. 2019 ജൂൺ ആറിന് സ്കൂളിലെത്തിയ അദ്ധ്യാപികയോട് രജിസ്റ്ററിൽ ഒപ്പിടേണ്ടെന്ന് പറഞ്ഞു. മറ്റൊരു അദ്ധ്യാപികയെ പ്രമോഷൻ നൽകി നിയമിച്ചു. ഇത് ചോദ്യംചെയ്ത അദ്ധ്യാപികയെ ഗസ്റ്റ് ലക്ചറർ പോസ്റ്റിൽ നിന്നു പുറത്താക്കി.