ന്യൂഡൽഹി: സർക്കാരുകൾ തമ്മിലുള്ള പ്രതിരോധ ഇടപാടുകളിൽ നിലവിലുള്ള ഓഫ്സെറ്റ് കരാർ നിബന്ധന ഒഴിവാക്കി പ്രതിരോധ മന്ത്രാലയം.
ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രകാശനം ചെയ്ത 2020ലെ ഡിഫൻസ് അക്വിസിഷൻ പ്രൊസീജറിലാണ് (ഡി.എ.പി) ഇത്.
300 കോടി രൂപയ്ക്ക് മുകളിലുള്ള കരാറുകളിൽ വിദേശ കമ്പനി ഇടപാടിന്റെ 30-50 ശതമാനം ഇന്ത്യയിൽ ഓഫ്സെറ്റ് കരാറുകളിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. റാഫേൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനി ദസോ ഓഫ്സെറ്റ് വ്യവസ്ഥ പ്രകാരം സാങ്കേതികവിദ്യ കൈമാറിയില്ലെന്ന് സി.എ.ജി കണ്ടെത്തിയത് വിവാദമായിരുന്നു. കൂടുതൽ തുക ഇന്ത്യയിൽ നിക്ഷേപിക്കേണ്ടി വരുന്നത് ഒഴിവാക്കിയാൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. സാങ്കേതികവിദ്യാ കൈമാറ്റം അടക്കം നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓഫ്സെറ്റ് ഉപാധി ഒഴിവാക്കുന്നതെന്ന് അക്വിസിഷൻ ഡയറക്ടർ ജനറൽ അപൂർവ്വ ചന്ദ്ര പറഞ്ഞു.
'ആത്മനിർഭർ ഭാരത് അഭിയാൻ" പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങളുടെയും പ്രതിരോധ ഹാർഡ്വെയറുകളുടെയും ഘടകങ്ങളിൽ 50ശതമാനവും തദ്ദേശീയമായിരിക്കണമെന്നുംഡി.എ.പിയിൽ പറയുന്നു. അഞ്ചുവർഷമാണ് ഡി.എ.പിയുടെ കാലാവധി.
ഡി.എ.പിയിലെ മറ്റ് വ്യവസ്ഥകൾ:
2016ലെ ഡി.എ.പി പ്രകാരം ഇന്ത്യയിലുണ്ടാക്കുന്ന ആയുധങ്ങളിൽ 60ശതമാനം വരെ വിദേശ ഘടകങ്ങൾ ഉപയോഗിക്കാമായിരുന്നു. ഇത് 10 ശതമാനം കുറച്ചു.
കൂടാതെ പുതിയ ഡി.എ.പി പ്രകാരം പ്രതിരോധ പ്ളാറ്റ്ഫോമുകളിൽ 60ശതമാനവും ഉള്ളടക്കവും തദ്ദേശീയമായിരിക്കണം.
ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഇറക്കുമതി മാത്രമെ അനുവദിക്കൂ.
വിദേശ കമ്പനികളുമായുള്ള കരാറുകളിൽ ഇന്ത്യയിൽ ഉത്പാദനത്തിനൊപ്പം ഇവിടുത്തെ സാഹചര്യങ്ങൾക്ക് യോജിച്ച സ്പെയർ പാർട്സുകൾ ഉറപ്പാക്കണം. സ്പെയർ, അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമിട്ട് വിദേശ കമ്പനി ഇന്ത്യയിൽ സഹോദര സ്ഥാപനം തുടങ്ങണം. ഉത്പന്നങ്ങൾക്ക് ആജീവനാന്ത ഗാരണ്ടി ഉറപ്പ് നൽകണം.
500 കോടി വരെയുള്ള എല്ലാ ഇടപാടുകളിലും നടപടിക്രമങ്ങൾ ലളിതമാക്കും.
പ്രതിരോധ മേഖലയിൽ ലീസിന് നൽകൽ പ്രോത്സാഹിപ്പിക്കും. ഇതുവഴി കമ്പനികൾക്ക് തുടക്കത്തിൽ വൻ തുക മുതൽ മുടക്ക് ഒഴിവാകും.
2290 കോടിയുടെ പ്രതിരോധ
ഇടപാടുകൾക്ക് അനുമതി
ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളിൽ നിന്ന് 2290കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള ഇടപാടിന് പ്രതിരോധ അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. യു.എസിൽ നിന്ന് 72,000 അസോൾട്ട് റൈഫിളുകൾ വാങ്ങാനുള്ള 780 കോടിയുടെ ഇടപാടും ഇതിലുൾപ്പെടുന്നു.
വടക്കൻ ലഡാക്, ജമ്മുകാശ്മീർ അതിർത്തികളിൽ വിന്ന്യസിച്ച സൈനികർക്ക് നൽകാനാണ് യു.എസ് കമ്പനിയായ സിഗ് സോവറിൽ നിന്ന് 500 മീറ്റർ അകലത്തിൽ വെടിയുതിർക്കാൻ കഴിയുന്ന അസോൾട്ട് റൈഫിളുകൾ വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ 72400 സിഗ് സോവർ റൈഫിളുകൾ ഇന്ത്യ വാങ്ങിയിരുന്നു. റഷ്യൻ സഹകരണത്തോടെ അമേഠിയിലെ ഓർഡിനൻസ് ഫാക്ടറിയിൽ എ.കെ 203 കലനിഷ്കോവ് റൈഫിളുകൾ നിർമ്മിക്കാനുള്ള പദ്ധതി നീളുന്ന സാഹചര്യത്തിലാണിത്.
'ആത്മനിർഭർ ഭാരത് അഭിയാന്റെ" ഭാഗമായി കരസേനയ്ക്കും വ്യോമസേനയ്ക്കും 540 കോടിക്ക് ആശയവിനിമയത്തിനുള്ള എച്ച്. എഫ് റേഡിയോ സെറ്റുകളും നാവികസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 970 കോടി രൂപയുടെ വ്യോമപ്രതിരോധ ആയുധങ്ങളും വാങ്ങാനും അനുമതി നൽകി.