കണ്ണൂർ: ഗിരീഷിന്റെ ജീവിതം ഹൃദയത്തോട് ചേർത്തുവയ്ക്കേണ്ടതാണ്. ഒരു വർഷത്തിനിടെ രണ്ട് തവണ ഹൃദയം മാറ്റിവച്ച ഗിരീഷിന് പ്രായം 44. ഇന്ത്യയിൽ രണ്ട് തവണ ഹൃദയം മാറ്റിവച്ച് ജീവിക്കുന്ന ഏക വ്യക്തിയാണ് പാലക്കാട് നെന്മാറ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് അന്നപൂർണയിൽ താമസിക്കുന്ന ഗിരീഷ്.
മുപ്പത്തിയെട്ടാമത്തെ വയസിലാണ് ഗിരീഷിന്റെ ഹൃദയം പണിമുടക്കിലേക്കു നീങ്ങിയത്. ചെറിയ ചുമയിൽ നിന്നായിരുന്നു പരേതരായ വാസുവിന്റെയും വേശുവിന്റെയും മകൻ ഗിരീഷിന്റെ അസുഖത്തിന്റെ തുടക്കം. നിറുത്താതെയുള്ള ചുമ. ഇടയ്ക്ക് ശ്വാസം കിട്ടാത്ത അവസ്ഥ. ഡോക്ടർമാർ ചുമയ്ക്കുള്ള മരുന്ന് നൽകിയെങ്കിലും ഭേദമായില്ല. അങ്ങനെയാണ് എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുരത്തിനടുത്തെത്തുന്നത്. ഹൃദയത്തെ ബാധിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന രോഗമാണെന്ന് കണ്ടെത്തി. ഹൃദയം മാറ്റിവയ്ക്കലല്ലാതെ പോംവഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ബൈക്ക് അപകടത്തിൽ മരിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹൃദയം അങ്ങനെ ഗിരീഷിന്റെ ശരീരത്തിൽ തുന്നിച്ചേർക്കുകയായിരുന്നു. 2013 ജൂൺ 13നായിരുന്നു അത്. ആറു മാസത്തിനു ശേഷം ഇടുപ്പ് സന്ധിക്ക് നേരത്തെയുണ്ടായിരുന്ന വാതജന്യമായ അസുഖം അലട്ടിയതിനെ തുടർന്ന് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടന്നു. ഹൃദയം മാറ്റിവച്ച ഒരു വ്യക്തിയുടെ ഇടുപ്പ് മാറ്റിവയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. ഇടുപ്പ് മാറ്റിവയ്ക്കലിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ഗിരീഷിന്റെ ഹൃദയവാൽവ് തകരാറിലായി. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ഹൃദയാഘാതവും വന്നു. ഡോക്ടർമാർ വീണ്ടും വിധിയെഴുതി, ഹൃദയം മാറ്റിവയ്ക്കാൻ. മസ്തിഷ്ക മരണം സംഭവിച്ച മറ്റൊരു യുവാവിന്റെ ഹൃദയം 2014 മാർച്ച് ആറിന് വീണ്ടും രക്ഷയ്ക്കെത്തി.
ബംഗളൂരു വിപ്രോയിൽ സോഫ്റ്റ് വെയർ എൻജിനിയറായ ഗിരീഷ് ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഓപ്ഷൻ എടുത്തിരിക്കുകയാണ്. സഹോദരിയും അദ്ധ്യാപികയുമായ ഉഷയുടെ കൂടെ ഒലവക്കോട് റെയിൽവേ കോളനിയിലാണ് താമസം.
'' നെഞ്ചിനു കുറുകെ ഒരു മുറിപ്പാടുണ്ട്. ഒന്നുറങ്ങി ഉണർന്നപ്പോൾ നെഞ്ചിൽ ദൈവം ചിത്രപ്പണി ചെയ്തപോലെ ഒരു അടയാളം. ഇപ്പോൾ വലിയ ബുദ്ധിമുട്ടില്ല. മരുന്നും തുടർചികിത്സയും വേണം. കൊവിഡ് കാലമായതു കൊണ്ട് ഫോളോഅപ്പ് ചികിത്സയ്ക്ക് പോകാൻ പ്രയാസമുണ്ട്.
-ഗിരീഷ്
സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്ത് ഹൃദയത്തിനായി കാത്തിരിക്കുന്നത്- 39 പേർ
ഈ വർഷം ചെയ്ത ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ- 5
''സംസ്ഥാനത്ത് പ്രതിവർഷം ആയിരക്കണക്കിന് മസ്തിഷ്കമരണം സംഭവിക്കുന്നുണ്ടെങ്കിലും അതിനു ആനുപാതികമായി അവയവദാനം നടക്കുന്നില്ല. മരണാനന്തര അവയവദാനം ഒരു വൈകാരിക പ്രശ്നം കൂടിയാണ്. അതിനാൽ ബോധവത്കരണം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
പി.വി. അനീഷ്,, കോ- ഓഡിനേറ്റർ,
ഓർഗൻ ട്രാൻസ്ഫർ