തലശ്ശേരി :ചരിത്രത്തോടൊപ്പം നടന്ന തലശ്ശേരി ബ്രണ്ണൻ കോളേജിൽ കൂടുതൽ പശ്ചാത്തല,അക്കാഡമിക് സൗകര്യങ്ങളൊരുക്കുന്നു. പുതിയ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയ്ക്കടക്കം 25 കോടിയോളം രൂപയുടെ പ്രവൃത്തികളാണ് കോളേജിന്റെ വിവിധ മേഖലകളിലായി നടന്നുവരുന്നത്. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഒക്ടോബർ ഒന്നിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
സെന്റർ ഓഫ് എക്സലൻസ് ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം, എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി 99 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം, കോളേജിന് പുതുതായി നിർമ്മിച്ച ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം, ലൈബ്രറി വെബ്സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ് ഉദ്ഘാടനം, എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി കോളേജ് ലൈബ്രറിയിൽ 52 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഫർണിച്ചറുകളുടെ ഉദ്ഘാടനം എന്നിവ ചടങ്ങിൽ നടക്കും. മൊത്തം 1.83 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പൂർത്തിയായത്. 21.5 കോടി രൂപ ചെലവിൽ അക്കാഡമിക് ബ്ലോക്കും ലേഡീസ് ഹോസ്റ്റലുമാണ് സെന്റർ ഓഫ് എക്സലൻസിന്റെ ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.
ഊരാളുങ്കൽ സൊസൈറ്റിയുടെ സഹായത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
പി ജി ബ്ലോക്ക്, ട്രസ് വർക്, സെൻട്രൽ ലൈബ്രറി റോഡ് നിർമാണം, ലൈബ്രറി പരിസരം മനോഹരമാക്കൽ, മെയിൻ ഓഡിറ്റോറിയം ടൈലിങ്, ഹെറിറ്റേജ് ബിൽഡിങ്ങിൽ ആസ്ബസ്റ്റോസ് ചുമരുകൾ നീക്കി ഹോളോ ബ്രിക്സ് ചുമർ നിർമിക്കൽ എന്നിവയ്ക്ക് 1.88 കോടി രൂപയുടെയും ഹോസ്റ്റൽ വികസനത്തിന് ഒരു കോടി രൂപയുടെയും ഭരണാനുമതിയും ലഭിച്ചു.
വികസനം ഇങ്ങനെ
രണ്ട് അക്കാഡമിക് ബ്ലോക്കുകൾ
സെന്റർ ഫോർ കൺവേർജന്റ് സ്റ്റഡീസ്
വനിത ഹോസ്റ്റൽ,
ലാംഗ്വേജ് ബ്ലോക്ക്,
ആംഫി തിയേറ്റർ,
ചുറ്റുമതിൽ,
നടപ്പാത,
ലാന്റ്സ്കേപ്പിംഗ്,
ബയോ വേസ്റ്റ് ഡിസ്പോസൽ
സോളാർ എനർജി,
മഴവെള്ള സംഭരണികൾ,
ഡിജിറ്റലൈസേഷൻ,
സ്മാർട് ക്ലാസ് റൂമുകൾ, അന്താരാഷ്ട്ര ലാബ് സൗകര്യം
.