പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും
കൊച്ചി: ഇന്നുമുതൽ ഒക്ടോബർ ഒന്നുവരെ നടക്കേണ്ടിയിരുന്ന ധനനയ നിർണയ സമിതി (എം.പി.സി) യോഗം മാറ്റിവച്ചു. പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ എം.പി.സിയിലെ പുതിയ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പ്രഖ്യാപനം കേന്ദ്രസർക്കാർ വൈകിപ്പിക്കുന്നതാണ് യോഗം മാറ്റിവയ്ക്കാൻ കാരണമെന്ന് കരുതുന്നു. കുറഞ്ഞത് നാലുപേരെങ്കിലും ഹാജരായാലേ യോഗം ചേരാവൂ എന്നാണ് ചട്ടം.
ആദ്യ എം.പി.സിയെ സ്വതന്ത്ര അംഗങ്ങളായിരുന്ന ഡോ. ഛേതൻ ഖാട്ടെ, ഡോ. പാമി ദുവ, ഡോ. രവീന്ദ്ര ധൊലാക്കിയ എന്നിവരുടെ നാലുവർഷ കാലാവധി കഴിഞ്ഞവാരം അവസാനിച്ചിരുന്നു. ഇവർക്ക് പുനർനിയമനം നൽകില്ലെന്നും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൃദുൽ കെ. സഗ്ഗർ എന്നിവരാണ് എം.പി.സിയിലെ മറ്റംഗങ്ങൾ.
ജി.ഡി.പി എങ്ങോട്ട്?
കാതോർക്കാം,
പ്രവചനത്തിനായി
ഇക്കുറി എം.പി.സി മുഖ്യ പലിശനിരക്കുകൾ കുറയ്ക്കില്ലെന്നാണ് പൊതു വിലയിരുത്തൽ. അതേസമയം, ഇന്ത്യയുടെ സമ്പദ്സ്ഥിതി സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുകളും ഭാവി പ്രവചനങ്ങളും റിസർവ് ബാങ്കിൽ നിന്ന് പ്രതീക്ഷിക്കാം.
എം.എസ്.എഫ് ഇളവ് നീട്ടി;
വിപണിയിലേക്ക് ₹1.49 ലക്ഷം കോടി
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ആശ്വാസപ്പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 27ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച എം.എസ്.എഫ് ഇളവ് 2021 മാർച്ച് 31ലേക്ക് നീട്ടി. ഇതോടെ, ഈയിനത്തിൽ പൊതുവിപണിയിലേക്ക് 1.49 ലക്ഷം കോടി രൂപകൂടി അധികമായി എത്തുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ആദ്യം ജൂൺ 30 വരെയായിരുന്നു ഇളവ്; പിന്നീട് ഈമാസം 30ലേക്കും നീട്ടിയിരുന്നു. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) പ്രകാരം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലേക്ക് (എസ്.എൽ.ആർ) ബാങ്കുകൾ മാറ്റിവയ്ക്കേണ്ട തുകയുടെ പരിധി രണ്ടു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമാക്കുകയാണ് മാർച്ചിൽ റിസർവ് ബാങ്ക് ചെയ്തത്.