കോഴിക്കോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേർന്ന കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം തെറിവിളിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി ബാബുരാജും കോൺഗ്രസ് ഡെപ്യൂട്ടി കൗൺസിൽ പാർട്ടി ലീഡർ അഡ്വ. പി.എം നിയാസും തമ്മിലുണ്ടായ വാക്പോരാണ് കയ്യാങ്കളിയിൽ കലാശിച്ചത്. അടിയേറ്റ് നിയാസ് നിലത്തുവീണതോടെ ഇരുവരെയും പിടിച്ചുമാറ്റി സംഘർഷത്തിന് അയവുവരുത്തുകയായിരുന്നു.
മെഡിക്കൽ കോളേജ് റസ്റ്റ് ഹൗസ് കെട്ടിടത്തിലെ ഏഴ്, എട്ട് മുറികളുടെ മുൻഭാഗത്ത് ഷീറ്റിട്ടതിന് തറവാടക നിശ്ചയിച്ച് നൽകാനുള്ള കെ. നിസാറിന്റെ അപേക്ഷ സംബന്ധിച്ച അജണ്ട യോഗത്തിൽ വായിച്ച ഉടനെ ഭരണപക്ഷ കൗൺസിലർ കെ.ടി സുഷാജ് ഇത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു. കെ.എം. റഫീഖ് പിന്തുണച്ചതോടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ മീര ദർശക് മാറ്റിവെച്ചതായി അറിയിച്ചു. എന്നാൽ നിയാസും മറ്റൊരു പ്രതിപക്ഷ കൗൺസിലറായ മുഹമ്മദ് ഷമീലും നടുത്തളത്തിലിറങ്ങി ഡെപ്യൂട്ടി മേയർ മീരദർശകിനോട് കയർത്തു. ഇതിനെതിര കെ.വി. ബാബുരാജിന്റെ നേതൃത്വത്തിൽ ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തി. രൂക്ഷമായ വാക്ക്പോരിനിടെ ബാബുരാജും നിയാസും അടിപിടിയായി. ഏറ്റുമൂട്ടൽ രൂക്ഷമായതോടെ ഡെപ്യൂട്ടി മേയർ യോഗ നടപടികൾ നിർത്തിവെച്ചു. പാർട്ടി നേതാക്കളുടെ യോഗത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കി അരമണിക്കൂറിന് ശേഷമാണ് യോഗ നടപടികൾ വീണ്ടും ആരംഭിച്ചത്.
അജണ്ടകൾ പാസാക്കുകയും ചെയ്തു. മഹിള മാളിനെ സംബന്ധിച്ചുള്ള റിപ്പോർട്ടും മുഹമ്മദ് ഷമീലിന്റെ പരാമർശവും വാക്ക് പോരിന് ഇടയാക്കി. യോഗം കഴിഞ്ഞ് പുറത്തുവന്ന നിയാസിനൊപ്പം ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടാഗോർ ഹാളിൽ പ്രകടനം നടത്തി. ഇതിനെതിരെ ഭരണപക്ഷം സംഘടിച്ച് മുദ്രാവാക്യം മുഴക്കി . ടൗൺ സി.ഐ എ. ഉമേഷിന്റ നേതൃത്വത്തിൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.