കോട്ടയം : കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊവിഡ് ബാധിതരെ രോഗലക്ഷണങ്ങൾ പ്രകടമാകും മുൻപ് കണ്ടെത്തി സമ്പർക്ക വ്യാപനം തടയുന്നതിന് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. ഇതിനായി പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ മുഴുവൻ പൊതുആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന സൗകര്യം ഒരുക്കണം. കൂടാതെ സ്വാകാര്യ ആശുപത്രികൾ - ലാബുകൾ എന്നിവയുടെ സാദ്ധ്യതകളും പൂർണമായും പ്രയോജനപ്പെടുത്തണം. കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വ്യാപക പരിശോധനകൾ നടത്തണം. പോസിറ്റീവായി കാണുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ഒരു വെബ് പോർട്ടൽ ലഭ്യമാക്കി ആരോഗ്യവകുപ്പിന് സമയനഷ്ടം കൂടാതെ ഐസോലേഷനും ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്താൻ ക്രമീകരണം ചെയ്യണം.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ഫലപ്രദമാക്കണം. പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ രോഗ വിമുക്തരായവർ രക്തദാനത്തിന് മുന്നോട്ട് വരുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.