പറവൂർ: കുട്ടിസൈക്കളിൽ പപ്പട വിൽപനക്കിറങ്ങിയ പത്ത് വയസുകാരന്റെ ദയനീയ മുഖം സമൂഹത്തിന്റെ വേദനയായി. പറവൂർ ചെറിയ പല്ലംതുരുത്തിൽ വാടകക്ക് താമസിക്കുന്ന തണ്ടാശ്ശേരി ഷാജി - പ്രമീള ദമ്പതികളുടെ മകൻ അമീഷാണ് തളർന്നു കിടക്കുന്ന അച്ഛനെ സഹായിക്കാൻ പപ്പട വിൽപനയ്ക്ക് ഇറങ്ങിയത്. തെങ്ങുകയറ്റ തൊഴിലാളിയായ ഷാജി ജോലിക്ക് പോകുമ്പോൾ സൈക്കിളിൽ നിന്നും വീണാണ് നട്ടെല്ലിന് ക്ഷതം പറ്റിയത്. കിടപ്പിലായിട്ട് ഒരു വർഷം പിന്നിട്ടു. ചികിത്സയ്ക്കായി കുടുംബം വലിയൊരു തുക എല്ലാം വിറ്റുപെറുക്കിയും വായ്പയെടുത്തും ചിലവിട്ടു. പലരും സഹായിച്ചാണ് ശസ്ത്രക്രീയ ഉൾപ്പെടെ നടത്തിയത്. പ്രമീള വീട്ടുജോലി ചെയ്ത് കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇത് വീട്ടുവാടകയ്ക്ക് ഉൾപ്പെടെ ജീവിത ചെലവുകൾക്ക് തികയുന്നില്ല.
അച്ഛൻ നിലത്താണ് കിടക്കുന്നത്. തനിയെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്നത് അമീഷിന് സഹിക്കാൻ പറ്റാത്ത കാഴ്ചയാണ്. എങ്ങിനെയെങ്കിലും ഒരു കട്ടിലു വാങ്ങി അച്ഛനെ മുകളിൽ കിടത്താനാണ് പപ്പടം വിൽക്കായി അമീഷ് കുട്ടി സൈക്കളിൽ ഇറങ്ങിയത്. അച്ഛന് കിടക്കാൻ ഒരു കട്ടിൽ വാങ്ങാനായി പപ്പടം വാങ്ങി സഹായിക്കാമോയെന്നാണ് അമീഷിന്റെ നിഷ്കളങ്കമായ അഭ്യർത്ഥന. അടുത്ത വീട്ടിൽ ഉണ്ടാക്കുന്ന പപ്പടമാണ് വിൽപനക്കായി വാങ്ങുന്നത്. കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിയാണ് അമീഷ്. പത്താം ക്ലാസുകാരിയായ സഹോദരിയുടെ പിന്തുണയുമുണ്ട്.