കനത്ത സുരക്ഷയിൽ രാജ്യം
അദ്വാനി ഉൾപ്പെടെ ഹാജരാകണം
ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പറയും. മുതിർന്ന ബി.ജെ.പി നേതാക്കളുമായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവരുൾപ്പെടെ പ്രതികളാണ്.
വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ കർശന ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലം നിർദേശം നൽകി. കേസിൽ 28 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. അയോദ്ധ്യ രാമജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബർ 6നാണ് ബാബ്റി മസ്ജിദ് കർസേവർ തകർത്തത്.
കേസിലെ 32 പ്രതികളും വിധി പ്രസ്താവിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ. യാദവ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇവർ ഹാജരാകാൻ സാദ്ധ്യതയില്ലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആകെ 48 പ്രതികളുണ്ടായിരുന്ന കേസിൽ 16 പേർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടായിരത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മസ്ജിദ് നിന്ന സ്ഥലത്ത് സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് വിധി വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
സെപ്തംബർ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളുടെയും ചില സാക്ഷികളുടെയും മൊഴി വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനയിൽ പങ്കില്ലെന്നും മുൻ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തങ്ങളെയും പ്രതികളാക്കിയെന്നുമാണ് അദ്വാനിയും ജോഷിയും വാദിച്ചത്.
നിർണായക വിധി
അദ്വാനി,മുരളീ മനോഹർ ജോഷി എന്നിവരുൾപ്പെടെ ബി.ജെ.പി, സംഘപരിവാർ നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്. 2001ൽ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് ഇവരെ ഒഴിവാക്കി. 2010ൽ അലഹബാദ് ഹൈക്കോടതി അത് ശരിവച്ചു. എന്നാൽ സുപ്രീംകോടതി 2017ൽ അലഹബാദ് ഹൈക്കോടതി വിധി അസാധുവാക്കി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച് ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു. അതേവർഷം പ്രത്യേക സി.ബി.ഐ കോടതി ഗുഢാലോചനക്കുറ്റം ചുമത്തി.