പത്തനംതിട്ട: കൊവിഡ് ബാധയുണ്ടായി ജില്ലാ ഏഴുമാസം പൂർത്തിയാക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനും മറ്റ് വകുപ്പുകൾക്കുമൊപ്പം സജീവമായി നിലകൊള്ളുകയാണ് ജില്ലയിലെ പോലീസും.
മഹാമാരിയുടെ തുടക്കത്തിലാണ് ജില്ലാ പോലീസ് മേധാവിയായി ജില്ലയെ നയിക്കാൻ കെ.ജി സൈമൺ എത്തുന്നത്. ഇറ്റലിയിൽനിന്നും വന്ന കുടുംബത്തിലെ അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിന്റെ ഭീതിയിൽ ജില്ല പകച്ചുനിന്നപ്പോൾ മറ്റു സർക്കാർ വകുപ്പുകൾക്കൊപ്പം രോഗവ്യാപനം തടയാനുള്ള നടപടികൾ വെല്ലുവിളിയായി ഏറ്റെടുത്തു നടപ്പിലാക്കാൻ ജില്ലാപോലീസ് കൈമെയ് മറന്നു മുന്നിട്ടിറങ്ങി. പതിവ് ഡ്യൂട്ടികളിൽ നിന്നും ഭിന്നമായി പോലീസിന്റെ കർത്തവ്യ നിർവഹണത്തിൽ സമൂലമായ മാറ്റങ്ങളുണ്ടായി. വാഹനപരിശോധന, നിയമലംഘനങ്ങൾക്കു പിഴയീടാക്കലിൽ നിന്നൊഴിവാക്കി ബോധവൽക്കരണത്തിലും ലോക്ക്ഡൗൺ വിലക്കുകൾ ലംഘിക്കുന്നത് തടഞ്ഞു നടപടിയെടുക്കുന്നതിലും കേന്ദ്രീകരിച്ചു.
കോവിഡ് നിയന്ത്രത്തിന് ഉപകരിക്കുംവിധം ജില്ലാപോലീസിന്റെ ഡ്യൂട്ടികൾ പുനഃക്രമീകരിക്കുകയും പ്രാഥമികമായി ജില്ലാപോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും ചെയ്തു. ലോക്ക്ഡൗണിനൊപ്പം നിരോധനാജ്ഞകൂടി പ്രഖ്യാപിക്കപ്പെട്ടതോടെ പലതവണ റൂട്ട്മാർച്ചുകൾ നടത്തിയും നിരത്തുകളിൽ ആളുകൾ കൂട്ടംകൂടാതിരിക്കാൻ ശക്തമായ നടപടിയെടുത്തും അന്നൗൺസ്മെന്റും മറ്റും നടത്തിയും ജനങ്ങളിലെ ഭീതി ഒഴിവാക്കാൻ ഉണർന്നുപ്രവർത്തിച്ചു.
വിവിധ പ്രവർത്തനങ്ങളിൽ ഉണർന്നുപ്രവർത്തിച്ചു
അതിർത്തിപ്രദേശങ്ങളിൽ പഴുതടച്ച വാഹനപരിശോധന ഉറപ്പാക്കി. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തി. സത്യവാങ്മൂലം അടിസ്ഥാനമാക്കി അടിയന്തര യാത്രകൾ അനുവദിച്ചു. സാമൂഹ്യ അകലം പാലിക്കാത്തത് പോലെയുള്ള ലംഘനങ്ങൾ നിയമപരമായി തടഞ്ഞു.