തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്നതിൽ അന്വേഷണം വേണമെന്ന് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്. എൻഫോഴ്സ്മെന്റിന് മറുപടി നൽകണമെങ്കിൽ അന്വേഷണം നടത്തണമെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഋഷിരാജ് സിംഗ് കൈമാറി.
ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് ജയിൽവകുപ്പ് പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽവകുപ്പ് കണ്ടെത്തിയതുമായിരുന്നു ഇതിന് കാരണം. എന്നാൽ എൻഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
ശബ്ദരേഖ ചോർച്ചയിൽ ഗൂഢാലോചന സംശയിക്കുന്ന ഇ ഡി, ജയിൽവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന നിഗമനത്തിൽ ഇതിനോടകം എത്തിയ ജയിൽവകുപ്പ്, കൂടുതൽ അന്വേഷണത്തിലേക്ക് പോകാൻ സാദ്ധ്യതയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ ഡി ഐ ജി റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡി ജി പിയെ ധരിപ്പിച്ചത്.
സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുളളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്. ഇ ഡിയുടെ കത്തിൽ, ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ സമയത്തിനുളളിൽ സ്വപ്നയെ ചോദ്യം ചെയ്ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെയും എൻഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്.