തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിൽ ഡി.ജി.പിക്ക് കത്തുനൽകിയതിനു പിന്നാലെയാണ് പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചത്.
പൊലീസ് അന്വേഷിച്ചില്ലെങ്കിൽ ശബ്ദരേഖയിലെ സത്യംകണ്ടെത്താൻ ഇ.ഡി കേന്ദ്രഫോറൻസിക് ലബോറട്ടറികളുടെയോ സി-ഡാക്കിന്റെയോ സഹായം തേടാനിരിക്കുകയായിരുന്നു. എൻ.ഐ.എയ്ക്ക് സ്വന്തമായി സൈബർഫോറൻസിക് വിഭാഗമുണ്ട്. ഇ.ഡി കേസിലെ പ്രധാനപ്രതിയുടെ ശബ്ദരേഖ കേസുമായി നേരിട്ട് ബന്ധമുള്ളതായതിനാൽ അന്വേഷണമാവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിക്കാനും ഇടയുണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശബ്ദം റെക്കാഡ് ചെയ്തത് ജയിലിൽ വച്ചല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഋഷിരാജ് സിംഗിന്റെ പരാതി നിലനിൽക്കുന്നതല്ലെന്നും അന്വേഷണം വേണ്ടെന്നുമായിരുന്നു വെള്ളിയാഴ്ച വരെ ബെഹ്റയുടെ നിലപാട്. ശബ്ദം തന്റേതാണെന്ന് സ്വപ്ന സമ്മതിച്ചെന്ന് വ്യാഴാഴ്ച തുറന്നുപറഞ്ഞ ജയിൽ ഡി.ഐ.ജി അജയകുമാർ, അന്വേഷണറിപ്പോർട്ടിൽ നിലപാട് മാറ്റിയിരുന്നു. സ്വപ്നയുടെ ശബ്ദവുമായി സാമ്യതയുണ്ടെങ്കിലും അവരുടെ ശബ്ദം തന്നെയാണെന്ന് സ്ഥിരീരിക്കാനായിട്ടില്ലെന്നും അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല റെക്കാഡ് ചെയ്തതെന്നുമാണ് ജയിൽ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ജയിലിനുള്ളിൽ വച്ച് റെക്കാഡ് ചെയ്തതെന്ന് കണ്ടെത്തിയാൽ ജയിൽ ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടിവരും.
കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ല