കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി.സുപ്രീം കോടതി അഭിഭാഷകനായ ജയ്ദീപ് ഗുപ്ത ഹർജിക്കാരനു വേണ്ടി ഹാജരാവുന്നതിനാൽ ഹർജി രണ്ടിലേക്ക് മാറ്റണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. . ഇ.ഡിക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹാജരാവുമെന്ന് ഇ.ഡിയുടെ അഭിഭാഷകനും വ്യക്തമാക്കി. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് ശിവശങ്കറിനെതിരെ ഇ.ഡി കേസെടുത്തത്. മുഖ്യപ്രതി സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നും, സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നുമാണ് ഇ.ഡിയുടെ ആരോപണം. മതിയായ തെളിവില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണം അന്വേഷിക്കാൻ കേസെടുത്ത ഇ.ഡി, കോഴപ്പണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.