ചെന്നൈ: ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റ് രൂപം കൊണ്ടു. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടും. ഇതോടെ തമിഴ്നാട്ടിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി. വടക്കൻ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ താത്കാലിക ഷെൽട്ടറുകൾ തുറന്നു.
ചെന്നൈ ഉൾപ്പടെയുളള കടലോര ജില്ലകളിൽ തീവ്ര മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയുണ്ടാകാം. ആർക്കോണത്ത് നിന്നുളള ദുരന്ത നിവാരണ സേനയെ കടലൂർ, ചിദംബരം തുടങ്ങിയ ജില്ലകളിൽ വിന്യസിച്ചു. കാരയ്ക്കൽ, നാഗപട്ടണം,പെരമ്പൂർ, പുതുകോട്ടെ, തഞ്ചാവൂർ, തിരുച്ചിറപ്പളളി, തിരുവാവൂർ അരിയല്ലൂർ തുടങ്ങിയ ഡെൽറ്റ ജില്ലകളിൽ കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോളേജുകൾ, സ്കൂളുകൾ തുടങ്ങി അടഞ്ഞു കിടക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ താക്കോലുകൾ റവന്യൂ അധികാരികളെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. നാളെ ഉച്ചയോടെ കൽപാക്കത്തിനും കേളമ്പാക്കത്തിനും ഇടയിൽ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. നിവാറിന്റെ വരവറിയിച്ച് ജാഫ്ന ഉൾപ്പെടുന്ന വടക്കൻ ശ്രീലങ്കയിൽ ഇന്നലെ മുതൽ മഴ തുടങ്ങിയിട്ടുണ്ട്. നിവാർ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.