തിരുവനന്തപുരം: കോൺഗ്രസ് എം.പി ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച കാവിച്ചായയുടെ ചിത്രവും ഒപ്പമുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു.ഒരു ചായ, കെറ്റിലിൽനിന്നും പകരുമ്പോൾ നിറം ത്രിവർണ പതാകയുടേത്. അത് അരിച്ചു വരുമ്പോൾ കാവി നിറമാകും.ഈ ചിത്രമാണ് തരൂർ ട്വിറ്ററിൽ പങ്കുവച്ചത്.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന മുംബയ് ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീരമായ കലാസൃഷ്ടിയാണിതെന്ന് ട്വീറ്റിൽ പറയുന്നു. എന്നാൽ എന്താണ് ഈ ചിത്രത്തിലൂടെ തരൂർ ഉദ്ദേശിച്ചതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. രാജ്യം കാവിവത്കരിക്കുന്നു എന്നാണോയെന്നാണ് ഒരു ചോദ്യം. അതോ കോൺഗ്രസ് പാർട്ടി തന്നെ കാവിവത്കരിക്കുന്നുവെന്നാണോ എന്നാണ് മറ്റുചിലർ ചോദിക്കുന്നത്.