കൊച്ചി: കേരളത്തിൽ പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന കേരള മോട്ടോർ വാഹന ചട്ടഭേദഗതി 2021 ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് റോഡ് ആക്സിഡന്റ് ഫോറം ഉപദേശക സമിതിയംഗം ജാഫർഖാൻ, കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗൺസിൽ എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾ ഒാരോസമയത്തും എവിടെയെത്തിയെന്ന് അധികൃതർക്ക് കണ്ടെത്താൻ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും (വി.എൽ.ടി.ഡി) അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾ നിറുത്താൻ യാത്രക്കാർക്ക് ആവശ്യപ്പെടാൻ കഴിയുന്ന തരത്തിൽ എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന് കേരള മോട്ടോർ വാഹന ചട്ടത്തിലെ 151 എയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നടപ്പാക്കാൻ ഗതാഗതവകുപ്പ് സെക്രട്ടറിക്കാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ഒരുമാസത്തിനകം കേരളത്തിൽ സർവീസ് നടത്തുന്ന ബസുകളിലും ടാക്സികളിലുമൊക്കെ ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടിവരും.