ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പുതിയ കൊവിഡ് കേസുകൾ റിക്കോർഡ് ചെയ്തു. 481 പേർ മരണമടഞ്ഞു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 92,22,217 ആയി. 1,34,699 പേർ ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,816 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തി 86,42,771 ആയി. നിലവിൽ 4,44,746 ആക്ടീവ് കേസുകളാണ് രാജ്യത്തുളളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
സംസ്ഥാനങ്ങളിൽ ഏറ്റവുമധികം കൊവിഡ് കേസുകളുളളത് ഇന്നും ഡൽഹിയിലാണ്. 6224 പുതിയ കേസുകളാണ് ഇവിടെ ഒറ്റദിവസം റിപ്പോർട്ട് ചെയ്തത്. 109 പേർ മരണമടഞ്ഞു. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒൻപത് ദിവസമായി രാജ്യത്ത് ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് ഡൽഹിയിലാണ്.ഇവിടെ വാക്സിൻ വന്നശേഷം മാത്രം സ്കൂളുകൾ തുറക്കുന്നത് ആലോചിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മഹാരാഷ്ട്രയിൽ 5439 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4086 പേർക്ക് രോഗമുക്തിയുണ്ടായി. കേരളത്തിൽ ഇന്നലെ 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5149 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടുതൽ മേഖലകളിൽ ഇളവ് നൽകിയിരുന്നു.