കോട്ടയം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് കണ്ട്രോള് റൂമുകള്‍ തുറന്നു. എക്സൈസ് ഡിവിഷന് ഓഫീസിലും വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊന്‍കുന്നം, പാലാ സര്‍ക്കിളുകളിലുമുള്ള കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ക്ക് പുറമേ പൊലീസ്, വനംവകുപ്പ്, റെയില്‍വേ, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും പട്രോളിംഗും നടത്തിവരുന്നു.
വന മേഖലകള്‍, കായല്‍ തീരത്തും തുരുത്തുകളിലും അടഞ്ഞു കിടക്കുന്ന ഫാക്ടറികള്‍, അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍, കളളു ഷാപ്പുകള്‍, ബിയര്‍ പാര്‍ലറുകള്‍, ബീവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി മദ്യത്തിന്റെയും കള്ളിന്റെയും സാമ്പിളുകള്‍ ദിവസവും ശേഖരിച്ച് തെക്കന്‍ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൊബൈല്‍ ലാബ് മുഖേന പരിശോധന നടത്തുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വാഹനങ്ങളില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ജില്ലാ അതിര്‍ത്തികളിലും ഹൈവേകളിലും പട്രോളിംഗ് ഏര്‍പ്പെടുത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകള്‍ കൂടി കണക്കിലെടുത്തുള്ള സ്പെഷ്യല്‍ ഡ്രൈവ് ജനുവരി അഞ്ചുവരെ തുടരും.
അനധികൃത മദ്യ, മയക്കുമരുന്ന് നിര്‍മ്മാണം, വില്‍പ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം നല്‍കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ആര്. സുള്‍ഫിക്കര്‍ അറിയിച്ചു.
കുറിപ്പടിയില്ലാതെ മരുന്നു വിറ്റാൽ നടപടി
ഡ്രഗ് ഇന്‍സ്പെക്ടറുമായി ചേര്‍ന്ന് താലൂക്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന നടത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നും ഗുളികകളും വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളുണ്ടായാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കും.
എക്സൈസ് ഡിവിഷന് ഓഫീസ് ആന്റ് കണ്ട്രോള് റൂം - 0481 -2562211
(ടോള്‍ഫ്രീ നമ്പര്‍ - 1800 425 2818)
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം - 0481 2583091, 9400069508
സര്‍ക്കിള്‍ ഓഫീസുകള്‍: ചങ്ങനാശേരി - 0481 2422741, 9400069509, പൊന്‍കുന്നം - 04828 221412, 9400069510, പാലാ - 04822 212235, 9400069511, വൈക്കം - 04829 231592, 9400069512, സ്പെഷ്യല്‍ സ്ക്വാഡ്, കോട്ടയം - 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍, കോട്ടയം - 9496002865.