ഞാനൊരു ഇംഗ്ലണ്ടുകാരനാണ്, അതുകൊണ്ട് തന്നെ അർജന്റീന ഫുട്ബാൾ ടീമിനെ എനിക്കിഷ്ടമല്ല. എന്നാൽ പ്രിയപ്പെട്ട ഡീഗോ നിന്നെ ഞാനൊരുപാട് സ്നേഹിക്കുന്നു. കളിക്കളത്തിലും പുറത്തും പലതവണ നീയെന്റെ രാജ്യത്തെ അപമാനിച്ചിട്ടുണ്ട്. അതിൽ ദേഷ്യവും അമർഷവും സത്യമായുമുണ്ട്. പക്ഷേ നിന്നോടുള്ള എല്ലാ വെറുപ്പും മൈതാനത്ത് നീ കാട്ടിത്തന്ന വിസ്മയങ്ങൾക്ക് മുന്നിൽ അലിഞ്ഞില്ലാതെയാകുന്നു. അതെ നീയൊരു ഇതിഹാസമാണ്...
പത്ത് വർഷങ്ങൾക്ക് മുൻപ് അമിതമായ ലഹരി ഉപയോഗം കാരണം മരണത്തോട് മല്ലടിച്ച് ആശുപത്രികിടക്കയിലായിരുന്ന മറഡോണയ്ക്കായി പ്രാർത്ഥനയോടെ പുറത്ത് കാത്ത് നിന്ന ആരാധകർക്കിടയിൽ നിന്ന്, ഒരു ഇംഗ്ലീഷ് ഫുട്ബാൾ പ്രേമി ഉയർത്തിയ പ്ലക്കാർഡിലെ വാക്കുകളാണിത്.
അതേ, ഒരേ സമയം വാഴ്തപ്പെട്ടവനും വെറുക്കപ്പെട്ടവനമായിരുന്നു മറഡോണ. 1986ലെ മെക്സിക്കോ ലോകകപ്പിൽ ഫോക്ലൻഡ് യുദ്ധത്തിന്റെ കണക്ക് തീർക്കും വിധം ഇംഗ്ലണ്ടിനെ ഇല്ലായ്മ ചെയ്ത ആ രണ്ടു ഗോളുകൾ (ദൈവത്തിന്റെ കൈയും, നൂറ്രാണ്ടിന്റെ ഗോളും) പോലെ വൈരുദ്ധ്യാത്മകമായിരുന്നു മറഡോണയുടെ ജീവിതവും. ഒരു പറ്റം സാധാരണക്കാരുമായി ശൂന്യതയിൽ നിന്ന് ഇതിഹാസം രചിച്ച് ആസ്ടെക്ക സ്റ്റേഡിയത്തിൽ തന്റെ രാജ്യത്തെ ലോക ചാമ്പ്യൻമാരാക്കിയ മറഡോണ തന്നെയാണ്, 1994ൽ അമേരിക്കൻ ലോകകപ്പിൽ രണ്ട് മത്സരങ്ങൾക്ക് ശേഷം ഉത്തേജക പരിശോധനയിൽ പരാജിതനായി ഒന്നുമില്ലാത്തവനായി നടന്നു പോകുന്നത്. ഇതൊക്കെയാണ് മറഡോണ, ഇതൊന്നുമില്ലെങ്കിൽ മറഡോണയുമില്ല. എന്നും എപ്പോഴും അദ്ദേഹം വിപ്ലവകാരിയായിരുന്നു. കളിമികവ് കണ്ട് റെക്കാഡ് തുകയുമായി 1982ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറഡോണയെ സമീപിച്ചെങ്കിലും തന്റെ രാജ്യത്തെ ദ്രോഹിച്ച ഇംഗ്ലണ്ടിലെ ക്ലബിൽ പന്തുതട്ടാൻ താത്പര്യമില്ലെന്ന് കട്ടായം പറഞ്ഞു. പരിക്ക് ഭയന്ന് കോപ്പ അമേരിക്കയിൽ അർന്റീനയ്ക്കായി കളിക്കാൻ പോകാൻ ബാഴ്സലോണ ക്ലബ് അധികൃതർ അനുവദിക്കാതിരുന്നതിനെതിരെയും മറഡോണ കലാപമുയർത്തി. അദ്ദേഹം ബാഴ്സ വിടുന്നതിന് പോലും അതൊരു കാരണമായി.
ബാഴ്സ വിടാൻ തീരുമാനിച്ചപ്പോൾ വൻതുകയുമായി പലവമ്പൻമാരും പുറകെയുണ്ടായിരുന്നെങ്കിലും ഇറ്റലിയിലെ സാധാരണക്കാരുടെയും രണ്ടാം തരക്കാരുടെയും നഗരമായ നേപ്പിൾസിലെ നാപ്പൊളിയാണ് മറഡോണ തിരഞ്ഞെടുത്തത്. ഇന്നും നേപ്പിൾസിലെ ചുവരുകളിൽ ഈ അഞ്ചടിഅഞ്ചിഞ്ചുകാരൻ നിറഞ്ഞ് നിൽപ്പുണ്ട്. ഇപ്പോഴും നേപ്പിൾസുകാർക്ക് ഒരേ ഒരു ഹീറോയെയുള്ളൂ 1984-മുതൽ 91വരെ നാപ്പൊളിയെ ലോകത്തെ ഏറ്രവും മികച്ച ടീമാക്കി നിറുത്തിയ മറഡോണ! മറഡോണയോടുള്ള ആരാധനയിൽ അദ്ദേഹത്തെ ദൈവമാക്കി ദേവാലയങ്ങൾ പോലും പണിതിട്ടുണ്ട് ആരാധകർ.
വിപ്ലവകാരികളെ മറഡോണയ്ക്കും ഏറെ ഇഷ്ടമായിരുന്നു. പീഡിതരുടെ ചക്രവാളങ്ങളിലെ വസന്തത്തിന്റെ ഇടിമുഴക്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെ ഗുവേരയുടെ മുഖം വലത്തേക്കൈയിൽ പച്ചകുത്തിയ മറഡോണ ലഹരിയ്ക്ക് അടിമപ്പെട്ട് തകർന്നിരിക്കുന്ന അവസ്ഥയിൽ ക്യൂബൻ വിപ്ലവ ഇതിഹാസം ഫിഡൽ കാസ്ട്രോയ്ക്കൊപ്പം ഏറെനാൾ ചെലവഴിച്ചിട്ടുണ്ട്.
ജീവിതത്തിൽ കുറവുകൾ ഉണ്ടായിരുന്നെങ്കിലും കളിക്കളത്തിൽ അയാൾ പൂർണനായിരുന്നു. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയവൻ. അർജന്റീനയെന്ന തെക്കേ അമേരിക്കയിലെ ദരിദ്ര രാജ്യത്തെ അയാൾ വെറുത്ത ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറ്റലിയിലും എന്തിന് ഇങ്ങ് കോട്ടയത്തും നൈനാൻ വളപ്പിലുമെല്ലാം ആളുകൾ നെഞ്ചിലേറ്രിത്തുടങ്ങിയതിന് പിന്നിൽ ഒരേ ഒരു കാരണമേയുള്ളൂ... ഡിയാഗോ അമാൻഡോ മറഡോണ...അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹം കളിച്ച ഫുട്ബാൾ...