ലോകമെമ്പാടുമുള്ള കാണികളെ ഭാഷാഭേദമന്യേ വിസ്മയിപ്പിച്ച ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയപ്പോൾ ദശാബ്ദങ്ങൾ നീണ്ട ഓസ്കാർ ചരിത്രം തന്നെയാണ് തിരുത്തിക്കുറിച്ചത്.
മികച്ച ചിത്രം, സംവിധാനം, തിരക്കഥ, വിദേശ ഭാഷാ ചിത്രം എന്നിയവയടക്കം നാല് ഓസ്കാർ പുരസ്കാരങ്ങൾ കൈപ്പിടിയിലൊതുക്കിയാണ് ഏഷ്യയിൽ നിന്നുള്ള ഒരു സിനിമ ഡോൾബി തിയേറ്ററിനെ കീഴടക്കിയത്. ലഭിച്ച ആറ് നോമിനേഷനുകളിൽ നിന്നും നാല് പുരസ്കാരം സ്വന്തമാക്കിയ പാരസൈറ്റിന്റെ സംവിധായകൻ ബോങ്ങ് ജൂൻ ഹു ആയിരുന്നു.
മികവുറ്റ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന സൗത്ത് കൊറിയൻ കലാകാരന്മാരുടെ കഴിവുകൾ ലോകവേദിയിൽ അംഗീകരിക്കുന്നതിന്റെ തുടക്കമായിരുന്നു പാരസൈറ്റിന് ലഭിച്ച ഓസ്കാർ. കഴിഞ്ഞ കാൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പാരസൈറ്റിന് കാനിലെ ഏറ്റവും ഉയർന്ന ബഹുമതിയായ പാം ഡി ഓർ ലഭിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് കൊറിയൻ ചിത്രവും പാരസൈറ്റ് ആണ്. സാധാരണക്കാരന്റെയും സമ്പന്നന്റെയും ജീവിതം തമ്മിലുള്ള അന്തരം അതേപടി പകർത്തിക്കാട്ടുന്ന ചിത്രമാണ് പാരസൈറ്റ്.
മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമാണ് പാരസൈറ്റ്. പാരസൈറ്റ് ഓസ്കാറിൽ സൃഷ്ടിച്ച ആധിപത്യം ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങൾക്ക് മുന്നിൽ വിശാലമായ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിയിൽ 93ാം ഓസ്കാർ പുരസ്കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ജെല്ലിക്കെട്ടിനും പ്രത്യാശ നൽകുന്ന ഘടകം ഇതാണ്.
ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ചിത്രങ്ങളെ ' വിദേശ ഭാഷ / അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിൽ മാത്രം ഉൾപ്പെടുത്തിയിരുന്ന ഓസ്കാറിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ നേടിക്കൊണ്ടാണ് പാരസൈറ്റ് ഭാഷയുടെ അതിവരമ്പുകളെ ഭേദിച്ചത്. മികച്ച ചിത്രവും, മികച്ച വിദേശ ഭാഷ ചിത്രവും പാരസൈറ്റ് തന്നെയായിരുന്നു.
ഭാഷ കൊറിയൻ ആണെങ്കിലും ഇംഗ്ലീഷിലുള്ള സബ് ടൈറ്റിൽ തന്നെ പാരസൈറ്റിന്റെ കഥ മനസിലാക്കാൻ ധാരാളമായിരുന്നു. വാമൊഴിയേക്കാൾ വിഷ്വൽ ലാംഗ്വേജിനായിരുന്നു പാരസൈറ്റിലെ ഹൈലൈറ്റ്. സമൂഹത്തിന്റെ പാവപ്പെട്ടവന്റെയും സമ്പന്നന്റെയും ഇടയിലുള്ള അന്തരം ഇന്ത്യയിലായാലും ഇനി അർജന്റീനയിലായും പാരസൈറ്റിൽ കാണുന്നതങ്ങനെയോ അതുപോലെ തന്നെയാണ്. ഭാഷ മാറുമെങ്കിലും മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മാറുന്നില്ല. അതു തന്നെയാണ് പാരസൈറ്റിനെ നേട്ടങ്ങളുടെ കൊടുമുടിയിലെത്തിച്ചതും.
പോത്തിന് പിന്നാലെ ഒരു നാട് മുഴുവൻ പായുന്ന കഥയാണ് ജെല്ലിക്കെട്ട്. കഥാതന്തുവിനെ ഒറ്റവാക്കിൽ പറഞ്ഞാൽ ' സിമ്പിൾ '. എന്നാൽ അതിനെ സ്ക്രീനിലേക്ക് പകർത്താൻ ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുത്തിരിക്കുന്ന വിഷ്വൽ ലാംഗ്വേജാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പാരസൈറ്റിനെ പോലെ തന്നെ ജെല്ലിക്കെട്ടിന്റെ മുന്നിലും ഭാഷയുടെ മതിലില്ല.
ജെല്ലിക്കെട്ടിലെ ഓരോ ഫ്രെയിമുകളാണ് കഥ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രം അന്താരാഷ്ട്ര വേദികളിൽ വരെ തിളങ്ങാൻ കാരണം. മനുഷ്യന്റെയുള്ളിലെ മൃഗത്തെ തുറന്നു കാട്ടുന്ന ജെല്ലിക്കെട്ടിലെ യഥാർത്ഥ നായകൻ ' പോത്ത് ' ആണ്. ഭാഷ അറിയില്ലെങ്കിൽ പോലും ഏതൊരാൾക്കും അത് മനസിലാകും.
ഓസ്കാറിലേക്കുള്ള യാത്രയ്ക്ക് ജെല്ലിക്കെട്ടിന് മുന്നിൽ ഇനിയും കടമ്പകൾ ഉണ്ട്. ആദ്യം മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലെ ഔദ്യോഗിക ഓസ്കാർ നോമിനേഷനുകളിൽ ഇടംനേടുക എന്നതാണ്. അതിന് സാധിച്ചാൽ മദർ ഇന്ത്യയ്ക്കും സലാം ബോംബെയ്ക്കും ലഗാനും ശേഷം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സ്വപ്നതുല്യമായ നേട്ടം മലയാളത്തിനും സ്വന്തമാകും.
പാരസൈറ്റ് തന്നെയാണ് ജെല്ലിക്കെട്ടിന്റെ ഈ യാത്രയ്ക്ക് സിനിമാപ്രേമികളുടെ മുന്നിലുള്ള പ്രചോദനം. സ്വന്തം നാട്ടിലെ ഒരു സാധാരണ കഥയെ സ്വന്തം രീതിയിൽ അവതരിപ്പിച്ച് ലോകത്തെ അതിശയിപ്പിച്ച സൗത്ത് കൊറിയയുടെ ബ്ലാക്ക് കോമഡി ത്രില്ലറായ പാരസൈറ്റ് സിനിമാ പ്രവർത്തകർക്കും എന്നും ആവേശമാണ്.