വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സർക്കാരിന്റെ ദേശീയ സുരക്ഷാ, വിദേശനയ സംഘത്തെ അവതരിപ്പിച്ചു. ഒബാമയുടെ ഭരണകാലം മുതൽ ഒപ്പമുള്ള വിശ്വസ്തരും പരിചയസമ്പന്നരുമായ വ്യക്തികളെയാണ് ബൈഡൻ തന്റെ സംഘത്തിൽ ചേർക്കുന്നത്.
ആന്റണി ബ്ലിൻകൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാകും. സെനറ്റിൽ വർഷങ്ങളോളം ബൈഡന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിർദേശിക്കപ്പെട്ട ജെയ്ക് സള്ളിവൻ ഒബാമ ഭരണകൂടത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫെഡറൽ റിസർവ് മേധാവിയായ ജാനറ്റ് യെല്ലനാണ് ട്രഷറി സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. റോൺ ക്ലയിൻ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫാകും. ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ് സ്ഥാനമേൽക്കും. കാലാവസ്ഥാമാറ്റ വിഷയത്തിൽ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയാകുന്നത് ജോൺ കെറിയാണ്.
ആഗോളവേദിയെ നയിക്കാൻ അമേരിക്ക തയ്യാറാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും ഉദ്യോഗസ്ഥവൃന്ദത്തെ പ്രഖ്യാപിക്കുന്നതിനിടെ ബൈഡൻ പറഞ്ഞു.
ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന തീവ്രദേശീയ നിലപാട് ഉപേക്ഷിച്ച് ‘അമേരിക്ക തിരിച്ചുവരുന്നു’ എന്നു വ്യക്തമാക്കുന്ന മാറ്റമാണ് വിദേശനയത്തിൽ ഉദ്ദേശിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു.
അതേസമയം, വിസ്കോൻസിനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലത്തിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന സുപ്രീം കോടതിയെ സമീപിച്ചു. വിസ്കോൻസിനിൽ റീകൗണ്ട് പൂർത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തു രാജ്യമെങ്ങും പത്തിലേറെ ഹർജികൾ കോടതികളിലുണ്ട്. എന്നാൽ ഒരിടത്തുനിന്നും അനുകൂല വിധി നേടാൻ ട്രംപ് പക്ഷത്തിനായിട്ടില്ല.