ആലപ്പുഴ: കോടതി ഉത്തരവ് നടപ്പാക്കാൻ എത്തിയ ജില്ലാ കോടതി പ്രോസസ് സെർവറിനെ ദേഹോപദ്രവം ഏൽപിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മൂല്ലാത്തുവളപ്പ് ചുമ്മാത്ത് പറമ്പ് വീട്ടിൽ പ്രസാദ് (35)നെ ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസാദും കുടുംബവും പൊതുവഴി തടഞ്ഞത് തുറന്ന് കൊടുക്കണം എന്നുള്ള കോടതിയുടെ ഇടക്കാല ഉത്തരവ് നൽകാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. എന്നാൽ ഉത്തരവ് വാങ്ങാൻ പ്രസാദും കുടുംബവും കൂട്ടാക്കിയില്ല. തുടർന്ന് ഉദ്യോഗസ്ഥൻ ഉത്തരവ് വീടിന്റെ ഭിത്തിയിൽ ഒട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രസാദ് കഴുത്തിന് പിടിച്ച് വലിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.