മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച ആശുപത്രിയിലെത്തി ചോദ്യം ചെയ്യാൻ മാത്രം അനുമതി നൽകി.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചികിത്സ തുടരാൻ കോടതി നിർദേശിക്കുകയായിരുന്നു. രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ 5 വരെയും ചോദ്യം ചെയ്യാം. ഇതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് ടെസ്റ്റ് നടത്തണം. മാനസികമായും ശാരീരികമായും പീഡിപ്പിക്കരുത്.ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിനുശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നൽകണം. ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകാനും നിർദേശിച്ചു.