തിരുവനന്തപുരം: ഭരണഘടന നിലവിൽ വന്നതിന്റെ 71 ാം വാർഷിക ദിനമായ ഇന്നലെ രാജ്യവ്യാപകമായി ഭരണഘടനാ ദിനം ആചരിച്ചപ്പോൾ കേരളം അതിൽ നിന്നൊഴിവായി. 17ന് തന്നെ ഭരണഘടനാ ദിനത്തിന്റെ നിർദ്ദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. എല്ലാ സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണഘടനാ ആമുഖ പ്രതിജ്ഞ ചെയ്യാനായിരുന്നു നിർദ്ദേശം. സംസ്ഥാന സർക്കാരാവട്ടെ 24നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. 26ന് പണിമുടക്കായതിനാൽ 25ന് നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കേരളത്തിൽ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്രിലുൾപ്പെടെ ഒരു ഓഫീസിലും 25ന് പരിപാടി നടന്നതായി അറിവില്ല. തങ്ങൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് കിട്ടിയില്ല എന്നാണ് പല ഓഫീസ് അധികാരികളും പറഞ്ഞത്.