കൊല്ലം: കരവാളൂരിൽ വിജയം കരയ്ക്കടുപ്പിക്കാൻ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. സി.പി.എമ്മിന്റെ ഡോ. കെ. ഷാജി, കോൺഗ്രസിന്റെ ഷിബു ബെഞ്ചമിൻ, ബി.ജെ.പിയുടെ എസ്. ഹരികുമാർ എന്നിവർ പ്രചാരണത്തിൽ ഏറെ മുന്നേറി.
അഞ്ചൽ പഞ്ചായത്തിലെ പത്ത് വാർഡുകൾ, ഏരൂരിലെ മൂന്ന്, ഇടയമുളയ്ക്കലിലെ 13, കരവാളൂരിലെ 16 എന്നിങ്ങനെ നാല് പഞ്ചായത്തുകളിലെ 42 വാർഡുകൾ അടങ്ങുന്നതാണ് കരവാളൂർ ഡിവിഷൻ. സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റിയംഗം ഡോ. കെ. ഷാജി കരവാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായിരുന്നു. കൊട്ടാരക്കര മാർ ഗ്രിഗോറിയോസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. കോൺഗ്രസ് പുനലൂർ ബ്ലോക്ക് സെക്രട്ടറിയാണ് ഷിബു ബെഞ്ചമിൻ. ഐ.എൻ.ടി.യു.സി നേതൃനിരയിലും സജീവമാണ്.
ബി.ജെ.പി അഞ്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് എസ്. ഹരികുമാർ. സിനിമയിലെ അസി. ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കരവാളൂരിലെ ഇടത് ആധിപത്യത്തെ മറികടക്കാൻ ബി.ജെ.പിയും യു.ഡി.എഫും പ്രചാരണത്തിൽ സജീവമാകുമ്പോൾ മുന്നേറ്റം നിലനിറുത്താനാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ പരിശ്രമം.
2015ലെ വോട്ട് നില
ബി. സരോജാ ദേവി (സി.പി.എം): 22,236
പി.ജി. ഗീതാ കുമാരി (കോൺഗ്രസ്): 15,099
എസ്. പത്മകുമാരി (ബി.ജെ.പി): 5,340