ദുബായ് /ടെൽ അവീവ്: നയതന്ത്ര ബന്ധത്തിൽ പുതുചരിത്രം കുറിച്ചുകൊണ്ട് ദുബായ് യാത്രാ വിമാനം ഇസ്രായേൽ മണ്ണിലെത്തി. വ്യാഴാഴ്ച രാവിലെ 9.40ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന ഫ്ലൈദുബായ് വാണിജ്യ വിമാനം പ്രാദേശിക സമയം 11.30ഓടെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെ ബെൻ ഗുരിയൻ എയർപോർട്ടിൽ എത്തി.
അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രക്കരാറിൽ ഒപ്പ് വച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ നടപടിയാണിത്.
വിമാനത്തിൽ യാത്ര ചെയ്തവരിലേറെയും വിനോദ സഞ്ചാരികളായിരുന്നു. ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഏതാനും ഇസ്രായേലി പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. ദിവസം രണ്ട് തവണ ഫ്ലൈദുബായ് വിമാനം ടെൽ അവീവിലേക്ക് സർവീസ് നടത്തും. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യവുമുണ്ട്.
ഇത് ചരിത്രനിമിഷമെന്ന് നെതന്യാഹു
ആദ്യ വിമാനത്തെ വരവേൽക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിലെത്തിയിരുന്നു. ഇനിയും ഒരു പാട് വിമാനങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ പറക്കുമെങ്കിലും ആദ്യത്തെ പറക്കൽ ഒരു വട്ടം മാത്രമേ സംഭവിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ദുബായിൽ നിന്ന് ഇസ്രായേലിലേക്കുള്ള ആദ്യ യാത്രാവിമാനം എന്ന നിലയ്ക്ക് ചരിത്രപരമായ പ്രാധാന്യം ഈ വിമാനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബായിൽ നിന്നുള്ള വിമാനം പരസ്പര സഹകരണത്തിന്റെ പുതിയ കാലഘട്ടത്തിലേക്കാണ് പറന്നിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് ചരിത്രപരമായ നിമിഷമാണ്. ഇതിലൂടെ ചരിത്രത്തെ മാറ്റിയെഴുതിയിരിക്കുകയാണ് നാം. മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് നമുക്ക് നൽകാനുള്ള സന്ദേശമാണിത്. മിഡിൽ ഈസ്റ്റിൽ പുതിയ മാറ്റത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.