പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതുനിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പി.പ്രമോദാണ് പൊതുനിരീക്ഷകനായി ചുമതലയേറ്റിരിക്കുന്നത്. ഷൊർണൂർ, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ, നെന്മാറ തുടങ്ങി അഞ്ച് മേഖലകളിലായാണ് ചെലവ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.
പൊതുനിരീക്ഷകൻ വാർഡുകൾ സന്ദർശിക്കുകയും സ്ഥാനാർത്ഥികളുടേയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് തിരഞ്ഞെടുപ്പ് സുഗമമായി നടത്തുക, തിരഞ്ഞെടുപ്പ് ചെലവ് ക്രമീകരിക്കുക, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുക എന്നിവ സംബന്ധിച്ച് നിർദ്ദേശം നൽകും. ക്രമസമാധാനം ഉറപ്പാക്കുക, പോളിംഗ് ബൂത്ത് സൗകര്യം വിലയിരുത്തുക, തിരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയും ചുമതലയാണ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ചെലവുകൾ പരിശോധിക്കുന്നതും അനുവദിച്ച തുകയിൽ കൂടുതൽ ചെലവുണ്ടായാൽ നടപടി എടുക്കുന്നതും ചെലവ് നിരീക്ഷകരാണ്.
ഡമ്മി ബാലറ്റ് "ഒറിജിനൽ" ആവരുത്
സ്ഥാനാർത്ഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിന് തടസമില്ല. എന്നാൽ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസലിനോട് സാമ്യമുണ്ടാകരുത്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്കിന് പിങ്കും ബാലറ്റ് പേപ്പറാണ് കമ്മിഷൻ നിശ്ചയിച്ചത്. അതിനാൽ ഈ നിറങ്ങളൊഴിച്ച് മറ്റു നിറങ്ങളിൽ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാവുന്നതാണ്. ഒരു സ്ഥാനാർത്ഥി തന്റെ പേര് ബാലറ്റ് പേപ്പറിൽ എവിടെ വരുമെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിന് തടസമില്ല. പക്ഷേ അതേ മറ്റ് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉണ്ടാകരുത്.